കൊച്ചി : 350 കോടി രൂപയ്ക്ക് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിലെ അധിക ഓഹരികള്‍ സ്വന്തമാക്കിയതോടെ ഡോ.ആസാദ് മൂപ്പന്റെയും കുടുംബത്തിന്റെയും ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിലെ ഓഹരി പങ്കാളിത്തം 24.58 ശതമാനമായി ഉയര്‍ന്നു. ഡോ.മൂപ്പന്റെ ഉടമസ്ഥതയിലുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ വളര്‍ച്ചയുടെ ഭാഗമായി അടുത്തയിടെ ക്വാളിറ്റി ഹെല്‍ത്ത് കെയറുമായി ലയനം നടത്തിയിരുന്നു.കൂടാതെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയെയും ഏറ്റെടുത്തിരുന്നു.
ഡോ. ആസാദ് മൂപ്പനും കുടുംബത്തിനും കീഴിലുള്ള യൂണിയന് (മൗറീഷ്യസ്) ഹോള്‍ഡിംഗ്സ് ലിമിറ്റഡ്, ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡിന്റെ 46.09 ലക്ഷം ഈക്വിറ്റി ഓഹരികള്‍ ടിപിജിയുടെ സെന്റല്ല മൗറീഷ്യസ് ഹോള്‍ഡിംഗ്സ് ലിമിറ്റഡില്‍ നിന്നുമാണ് വാങ്ങിയത്. കമ്പനിയുടെ പെയ്ഡ്-അപ്പ് ഈക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ ഏകദേശം 0.57% വരുമിത്. 2026 സെപ്റ്റംബര്‍ 2-ന് നടന്ന ഇടപാടില്‍, ഓഹരിയൊന്നിന് 760 രൂപ നിരക്കിലാണ് വാങ്ങിയതെന്ന് വാര്‍ത്താകുറിപ്പിലൂടെ അധികൃതര്‍ അറിയിച്ചു.

