വ്യാജ ആംബുലന്‍സ് വിവാദം: പൂതൃക്ക പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും നിയമക്കുരുക്കില്‍

കോലഞ്ചേരി : പൂതൃക്ക ഗ്രാമപഞ്ചായത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് ഉദ്ഘാടനത്തിന്റെ പേരില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് ഭരണസമിതിയും നിയമക്കുരുക്കിലേക്കും വന്‍ രാഷ്ട്രീയ വിവാദത്തിലേക്കും നീങ്ങുന്നു. പ്രദേശവാസികള്‍ക്കായി സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് ആരംഭിക്കുന്നു എന്നവകാശപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെയും സ്ഥലം എം.പിയുടെയും നേതൃത്വത്തിലാണ് മാസങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ആംബുലന്‍സ് സര്‍വീസ് ലഭ്യമായിരുന്നില്ല.

ട്വന്റി20 പ്രവര്‍ത്തകനായ ബിജോയ് ഫിലിപ്പോസ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി, പൂതൃക്ക പഞ്ചായത്തിനായി ആംബുലന്‍സുകളൊന്നും നല്‍കിയിട്ടില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ രേഖാമൂലം വ്യക്തമാക്കി. ട്വന്റി20 പാര്‍ട്ടി പഞ്ചായത്തില്‍ സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് പ്രഖ്യാപിച്ചതിന് പിന്നാലെ, അത് മറികടക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നും കൊണ്ടുവന്ന ആംബുലന്‍സ് പ്രദര്‍ശിപ്പിച്ചാണ് വ്യാജ ഉദ്ഘാടനം നടത്തിയതെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ പ്രസിഡന്റിനും ഭരണസമിതിക്കുമെതിരെ ട്വന്റി20യുടെ ആറ് വാര്‍ഡ് മെമ്പര്‍മാര്‍ ഒപ്പിട്ട അടിയന്തര പ്രമേയം പഞ്ചായത്തില്‍ അവതരിപ്പിക്കും. വരാനിരിക്കുന്ന കോലഞ്ചേരി ഈസ്റ്റ് വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഈ സംഭവം വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറിയിട്ടുണ്ട്.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു