കൊച്ചി : ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് വി.പി.എസ് ലേക്ഷോർ ആശുപത്രിയിൽ പൊതുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം വി.പി.എസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള നിർവ്വഹിച്ചു. മാനസികാരോഗ്യമെന്നത് ആഡംബരമല്ല, മറിച്ച് ഓരോ വ്യക്തിയുടെയും അടിസ്ഥാന ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രയാസങ്ങൾ അനുഭവിക്കുന്നവർ ഒറ്റയ്ക്കല്ലെന്നും അവരെ ചേർത്തുപിടിക്കാൻ ആശുപത്രി സമൂഹം ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ സി.ഇ.ഒ ജയേഷ് വി. നായർ അധ്യക്ഷത വഹിച്ചു. പുറമെ പുഞ്ചിരിക്കുമ്പോഴും ഉള്ളിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ടെന്നും അവരുടെ വാക്കുകൾ കേൾക്കാൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാരീരിക ആരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും ഒരുപോലെ പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് സൈക്യാട്രി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പി.ജെ. സേവ്യർ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾ നേരിടുന്നവർക്ക് അത് തുറന്നുപറയാനുള്ള അവസരവും പിന്തുണയും നൽകുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ സർവീസസ് ചീഫ് ഡോ.മരിയ വർഗീസ്, ജെ.എ. അജിമോൻ, സിജി പി. ചന്ദ്രൻ, സൈക്യാട്രി സോഷ്യൽ വർക്കർ സച്ചിൻ ജോസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

