കൊച്ചി: ഗൈനക്കോളജിക് ഓങ്കോളജി (സ്ത്രീരോഗ അർബുദ ചികിത്സാ) രംഗത്തെ നൂതന ചികിത്സാ രീതികളും സാങ്കേതിക മുന്നേറ്റങ്ങളും ചർച്ച ചെയ്യുന്നതിനായി അസോസിയേഷൻ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ (KLSC AGOI) കേരള ഘടകത്തിന്റെ വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’ (KAGOCON 2026) കൊച്ചി ഐ.എം.എ ഹൗസിൽ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഓങ്കോളജിസ്റ്റുകളും വിദഗ്ദ്ധ ഡോക്ടർമാരും പങ്കെടുക്കുന്ന ദ്വിദിന സമ്മേളനം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
രോഗങ്ങളിൽ നിന്ന് ആളുകളെ സംരക്ഷിച്ച് ജീവിതങ്ങൾ തിരികെ പിടിക്കുന്ന മഹത്വപൂർണമായ സേവനമാണ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റുമാർ നിർവഹിക്കുന്നതെന്ന് ഉമ തോമസ് എം.എൽ.എ പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ച വി.പി.എസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള, വൈദ്യശാസ്ത്രരംഗം വലിയൊരു സാങ്കേതിക മാറ്റത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ അർബുദ പ്രതിരോധത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും വ്യക്തമാക്കി. ഗൈനക്കോളജിക്കൽ ഓങ്കോളജി ധൈര്യത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ‘ഐ ഗുരുകുൽ’ (iGurukul) വെബ്സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം അഗോയ് ദേശീയ പ്രസിഡന്റ് ഡോ. ജിത പരിജ നിർവ്വഹിച്ചു. കെ.എൽ.എസ്.സി അഗോയ് പ്രസിഡന്റ് ഡോ. കെ. ചിത്രതാര, കഗോകോൺ 2026 രക്ഷാധികാരി ഡോ. പി.കെ. ശേഖരൻ, സെക്രട്ടറി ഡോ. ഡി. ആദർശ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.

