കൊച്ചി : വിദേശ യാത്രക്കാർക്ക് വിദേശ കറൻസികൾ സുഗമമായി കൈകാര്യം ചെയ്യുന്നതിനായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും തോമസ് കുക്ക് (ഇന്ത്യ) ലിമിറ്റഡും ചേർന്ന് ‘ബോർഡർലെസ് പ്രീപെയ്ഡ് മൾട്ടി കറൻസി കാർഡ്’ (Borderless Prepaid Multi-Currency Card) അവതരിപ്പിച്ചു. ബാങ്കിന്റെ രാജ്യാന്തര ബാങ്കിംഗ്, ഫോറെക്സ് സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തോമസ് കുക്കുമായുള്ള ഈ സഹകരണം.
ഒറ്റ പ്രീപെയ്ഡ് കാർഡിലൂടെ ഒന്നിലധികം വിദേശ കറൻസികൾ കൈകാര്യം ചെയ്യാനും വിദേശരാജ്യങ്ങളിൽ സുരക്ഷിതമായ സാമ്പത്തിക ഇടപാടുകൾ നടത്താനും ഈ കാർഡിലൂടെ സാധിക്കും. പങ്കാളിത്തത്തിന്റെ ഭാഗമായുള്ള ആദ്യ കോ-ബ്രാൻഡഡ് ഫോറെക്സ് കാർഡ് ഇസാഫ് ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. കെ. പോൾ തോമസിന് കൈമാറി. ബാങ്കിംഗ്, ട്രാവൽ മേഖലകളിലെ വൈദഗ്ധ്യം സമന്വയിപ്പിക്കുന്ന ഈ കാർഡ് വിദേശ യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് ഡോ. കെ. പോൾ തോമസ് പറഞ്ഞു.
ചടങ്ങിൽ തോമസ് കുക്ക് (ഇന്ത്യ) ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ഫോറെക്സ് കാർഡ്സ് വിഭാഗം വൈസ് പ്രസിഡന്റ് അതീഖ് ഖാൻ, സോണൽ ഹെഡ് സുശാന്ത് ശ്രീനിവാസ്, ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ ഗിരീഷ് സി.പി., ചന്ദ്രാംഗതൻ കെ.കെ. എന്നിവർ സംബന്ധിച്ചു. 2017-ൽ പ്രവർത്തനം ആരംഭിച്ച ഇസാഫ് ബാങ്കിന്റെ ഫോറെക്സ് ബിസിനസ് ശക്തിപ്പെടുത്താൻ ഈ പങ്കാളിത്തം സഹായിക്കും.

