കൊച്ചി : ഐ.എൻ.എസ് മാണ്ഡോവിയിൽ (INS Mandovi) ‘ആറ്റ് ആംസ് സ്പെഷ്യലൈസേഷൻ കോഴ്സ്’ (At Arms Specialisation Course) പൂർത്തിയാക്കുന്ന ഇന്ത്യൻ, ശ്രീലങ്കൻ നാവികസേനാ ഉദ്യോഗസ്ഥർ കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് (DSC) സെന്റർ സന്ദർശിച്ചു. ഒക്ടോബർ 12 മുതൽ 14 വരെ നടന്ന സന്ദർശനത്തിൽ പ്രതിരോധ സുരക്ഷാ വിഭാഗത്തിന്റെ വിവിധ പരിശീലന രീതികളും പ്രവർത്തന ചുമതലകളും നാവികസേനാ ടീം നേരിട്ട് മനസ്സിലാക്കി.
ഡി.എസ്.സി രക്ഷാക്കുകളുമായുള്ള സംവാദം, ട്രെയിനിംഗ് നോഡിലെ അത്യാധുനിക ഡ്രോൺ പരിശീലനം, പ്രധാന സൈനിക കേന്ദ്രങ്ങളുടെ സുരക്ഷാ ഡ്രില്ലുകൾ, കായിക പരിശീലനങ്ങൾ എന്നിവ സന്ദർശനത്തിന്റെ ഭാഗമായി നടന്നു. കൂടാതെ ഡി.എസ്.സി ആർക്കൈവ്സും വിരമിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്ന ഗൗരവ് സ്ഥലും സംഘം സന്ദർശിക്കുകയും ഡി.എസ്.സിയുടെ ചരിത്രപരമായ സംഭാവനകളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും നാവികസേനാ ഉദ്യോഗസ്ഥർ തമ്മിലുള്ള അറിവുകൾ പങ്കുവെക്കുന്നതിനും ഉഭയകക്ഷി സൗഹൃദവും സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനും ഈ സന്ദർശനം വഴിയൊരുക്കി.

