കേരളത്തിലെ പുരുഷന്മാരിൽ കടുത്ത മുടികൊഴിച്ചിലെന്നു ട്രയ ഹെൽത്ത് പഠന റിപ്പോർട്ട്

കൊച്ചി : കേരളത്തിലെ പുരുഷന്മാരിൽ മാനസിക സമ്മർദം, ഉറക്കക്കുറവ്, മെറ്റബോളിസം തകരാറുകൾ എന്നിവ ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്ന നിരക്കിലാണെന്നും ഇത് ചെറുപ്പക്കാരിൽ പോലും കടുത്ത മുടികൊഴിച്ചിലിന് കാരണമാകുന്നുവെന്നും ട്രയ ഹെൽത്തിന്റെ ദേശീയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തുടനീളമുള്ള അഞ്ച് ലക്ഷത്തിലധികം പുരുഷന്മാരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. മുടികൊഴിച്ചിൽ നേരിടുന്ന പുരുഷന്റെ ശരാശരി പ്രായം ഇപ്പോൾ 29 വയസായി കുറഞ്ഞതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ മോശം ഉറക്കത്തിന്റെ തോത് ദേശീയ ശരാശരിയേക്കാൾ 6.1 ശതമാനം കൂടുതലാണ്. 18 മുതൽ 20 വയസ് വരെയുള്ളവരിൽ 15.3% പേർ കടുത്ത മുടികൊഴിച്ചിൽ നേരിടുന്നുണ്ട്; ഇത് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. തുടർച്ചയായ മാനസിക സമ്മർദം കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിച്ച് മുടിയുടെ വളർച്ചയെ ബാധിക്കുമ്പോൾ, രാത്രികാലങ്ങളിലെ ഉറക്കമില്ലായ്മ കോശ നവീകരണത്തെ തടസ്സപ്പെടുത്തുന്നു. കേരളത്തിലെ 18–20 പ്രായക്കാരിൽ മെറ്റബോളിസം പ്രശ്നങ്ങൾ 65.2 ശതമാനത്തോളമാണ്.

മുടികൊഴിച്ചിലിന്റെ പ്രാരംഭ ഘട്ടമായ സ്റ്റേജ് 1-ൽ വെറും 15.6% ആളുകൾ മാത്രമാണ് ചികിത്സ തേടിയെത്തുന്നത്; പകുതിയിലധികം പേരും (55.4%) പ്രശ്നം ഗുരുതരമായ സ്റ്റേജ് 3-ലോ അതിനുശേഷമോ ആണ് സഹായം തേടുന്നത്. കാലാവസ്ഥയോ പാരമ്പര്യമോ മാത്രമല്ല, മറിച്ച് ശരീരത്തിലെ ആന്തരിക അസന്തുലിതാവസ്ഥയാണ് പ്രധാന കാരണമെന്നും ഇരുപതുകളുടെ തുടക്കത്തിൽ തന്നെ കൃത്യമായ രോഗനിർണയവും ചികിത്സയും തേടേണ്ടത് അത്യന്താപേക്ഷിതമാണെന്നും ട്രയ ഹെൽത്ത് നിർദ്ദേശിക്കുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു