കൊച്ചി: ലോക നട്ടെല്ല് ദിനാചരണത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്സിറ്റിയിലെ ആസ്റ്റർ സ്പൈൻ സെന്റർ നട്ടെല്ലിന്റെ ആരോഗ്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ‘നടുവണ്ടി’ എന്ന പ്രചരണ വാഹന യാത്രയും ‘സ്പൈൻ അപ്പ്’ ഫിറ്റ്നസ് ചലഞ്ചും സംഘടിപ്പിച്ചു. “നടുവിന്റെ കാര്യം പറയാൻ, നാടിന്റെ വഴികളിലൂടെ” എന്ന സന്ദേശവുമായി ഡെക്കാത്ലോൺ കളമശ്ശേരിയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ ന്യൂറോസർജറി സീനിയർ കൺസൾട്ടന്റ് ഡോ. ദിലീപ് പണിക്കർ, പി.എം.ആർ. സീനിയർ കൺസൾട്ടന്റ് ഡോ. കെ.എം. മാത്യു, ആസ്റ്റർ സ്പൈൻ സെന്ററിലെ ഡോക്ടർമാരായ ഡോ. അനൂപ് പി. നായർ, ഡോ. അനൂപ് തോമസ്, ഡോ. രഞ്ജിത്ത് കെ.ആർ. എന്നിവർ ചേർന്ന് ‘നടുവണ്ടി’ ഫ്ലാഗ് ഓഫ് ചെയ്തു. ബോധവത്കരണ വാഹനം കൊച്ചിയുടെ പ്രധാന പാതകളിലൂടെ സഞ്ചരിച്ച് പൊതുജനങ്ങൾക്ക് നട്ടെല്ല് സംരക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി.
കൂടാതെ, ആസ്റ്റർ മെഡ്സിറ്റിയിൽ സ്പൈൻ സെന്ററും ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ വിഭാഗവും ചേർന്ന് ‘സ്പൈൻ അപ്പ്’ ഫിറ്റ്നസ് ചലഞ്ചും നടത്തി. പ്ലാങ്ക്, ഹാഫ് സ്ക്വാട്ട് തുടങ്ങിയ വ്യായാമ വെല്ലുവിളികളിലൂടെ പങ്കെടുത്തവർക്ക് സ്വന്തം നട്ടെല്ലിന്റെ ആരോഗ്യവും കരുത്തും മനസ്സിലാക്കാൻ സാധിച്ചു. തിരക്കേറിയ ജീവിതശൈലിക്കിടയിൽ സജീവമായ കായിക ശീലങ്ങളിലൂടെ നട്ടെല്ലിന്റെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാമെന്ന സന്ദേശമാണ് ഈ പരിപാടികളിലൂടെ ആസ്റ്റർ മെഡ്സിറ്റി പകർന്നുനൽകിയത്.

