ഇന്തോ-പസിഫിക് റീജിയണൽ ഡയലോഗ് സമാപിച്ചു

കൊച്ചി : ഇന്ത്യൻ നാവികസേനയുടെ വാർഷിക അന്താരാഷ്ട്ര തന്ത്രപ്രധാന ഉച്ചകോടിയായ ഇന്തോ-പസിഫിക് റീജിയണൽ ഡയലോഗിന് (IPRD-2026) ന്യൂഡൽഹിയിൽ സമാപനം. നാഷണൽ മാരിടൈം ഫൗണ്ടേഷനുമായി (NMF) സഹകരിച്ച് സംഘടിപ്പിച്ച ത്രിദിന സമ്മേളനത്തിൽ 20 രാജ്യങ്ങളിൽ നിന്നുള്ള 40-ലധികം ആഗോള വിദഗ്ധരും നയരൂപീകരണ വിദഗ്ധരും പങ്കെടുത്തു. ‘ഇന്തോ-പസിഫിക്കിലെ ശാസ്ത്രീയ, സാങ്കേതിക, അക്കാദമിക് സഹകരണം’ എന്ന പ്രമേയത്തിൽ അഞ്ച് തീമാറ്റിക് സെഷനുകളിലായാണ് ചർച്ചകൾ നടന്നത്.

സമാപന ദിനത്തിൽ സംയുക്ത സൈനിക മേധാവി (സിഡിഎസ്) ജനറൽ എൻ. എസ്. രാജ സുബ്രമണി പ്രത്യേക പ്രഭാഷണം നടത്തുകയും സദസ്സുമായി ആശയവിനിമയം നടത്തുകയും ചെയ്തു. തുടർന്ന് വൈസ് അഡ്മിറൽ സഞ്ജയ് ജസ്ജിത് സിംഗിന്റെ (റിട്ട.) അധ്യക്ഷതയിൽ ‘സമുദ്ര ഭരണം, സമുദ്ര പ്രതിരോധ ശേഷി’ എന്നീ വിഷയങ്ങളിൽ നടന്ന സെഷനിൽ ഫിലിപ്പീൻസ് സർവകലാശാല പ്രൊഫ. ദിയോ ഫ്ലോറൻസ് ഒണ്ട, ഇന്റർനാഷണൽ സീബെഡ് അതോറിറ്റി മുൻ ചീഫ് ഓഫ് സ്റ്റാഫ് ഡോ. മേരി ബോറെൽ-മക്കിന്നൻ, സിഡിആർഐ പ്രതിനിധി റാംരാജ് നരസിംഹൻ, സ്വീഡനിലെ ഫ്യൂച്ചർ മാരിടൈം പ്രതിനിധി സോഫിയ ഫർസ്റ്റൻബെർഗ്-സ്റ്റോട്ട് എന്നിവർ സംസാരിച്ചു.

‘മാറ്റങ്ങൾ സൃഷ്ടിക്കുന്ന സമുദ്ര സാങ്കേതികവിദ്യകളും അവയുടെ ഇരട്ട ഉപയോഗ സാധ്യതകളും’ എന്ന അവസാന സെഷന് റിയർ അഡ്മിറൽ ഗുണിന്ദർ സിംഗ് ജവന്ത (റിട്ട.) നേതൃത്വം നൽകി. എഐ, ക്വാണ്ടം സാങ്കേതികവിദ്യകൾ, ഇയു-ഇന്തോ-പസിഫിക് സഹകരണം, ചെറു നാവികസേനകളുടെ ശേഷി വർധിപ്പിക്കൽ എന്നിവ സെഷനിൽ ചർച്ചയായി. കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് സമാപന പ്രസംഗം നിർവഹിച്ചു. ഇന്ത്യയുടെ ‘മഹാസാഗർ’ (MAHASAGAR) സമുദ്ര കാഴ്ചപ്പാടിന് പുതിയ ദിശാബോധം നൽകിയാണ് സമ്മേളനത്തിന് തിരശ്ശീല വീണത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു