കൊച്ചി : ഓൾ ഇന്ത്യ സൈനിക് സ്കൂൾസ് നാഷണൽ ഗെയിംസിന്റെ (AISSNG-2026) നാലാം പതിപ്പ് കർണാടക വിജയപുരയിലെ ബിജാപ്പൂർ സൈനിക് സ്കൂളിൽ സജീവമായി തുടരുന്നു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക് സ്കൂൾസ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ നവംബർ 03 മുതൽ 07 വരെ സംഘടിപ്പിക്കുന്ന ത്രിദിന കായിക മാമാങ്കത്തിൽ രാജ്യത്തുടനീളമുള്ള 544 കേഡറ്റുകൾ (296 ആൺകുട്ടികളും 248 പെൺകുട്ടികളും) മാറ്റുരയ്ക്കുന്നുണ്ട്. 8 സോണുകളിൽ നിന്നുള്ള പ്രാദേശിക മത്സരങ്ങളിൽ വിജയിച്ച 30 പഴയ സൈനിക് സ്കൂളുകളിലെയും 13 പുതിയ സൈനിക് സ്കൂളുകളിലെയും ടീമുകളാണ് ഇതിൽ പങ്കാളികളാകുന്നത്.
ബാസ്ക്കറ്റ് ബോൾ (ജൂനിയർ ബോയ്സ് & ഗേൾസ്), വോളിബോൾ (ജൂനിയർ ബോയ്സ്), ട്രാക്ക് ആാൻഡ് ഫീൽഡ് ഇനങ്ങൾ (100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ, 4×100 മീറ്റർ റിലേ, ലോങ് ജമ്പ്), ഡിബേറ്റ്, ക്വിസ് മത്സരങ്ങൾ എന്നിവയാണ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നവംബർ 07-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് മുഖ്യാതിഥിയായി പങ്കെടുക്കും. നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, ബിജാപ്പൂർ സൈനിക് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കർണാടക വൻകിട-ഇടത്തരം വ്യവസായ മന്ത്രിയുമായ എം. ബി. പാട്ടീൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. “അജീത് ഹേ അഭീത് ഹേ” എന്ന ആപ്തവാക്യവുമായി 63 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുന്ന ബിജാപ്പൂർ സൈനിക് സ്കൂൾ കേഡറ്റുകളിൽ കായിക ക്ഷമതയും നേതൃപാടവവും വളർത്തുന്നതിനാണ് ഈ കായികമേള സംഘടിപ്പിക്കുന്നത്.

