കൊച്ചി: ക്യാപിറ്റൽ ഗെയിൻസ് അക്കൗണ്ട് പദ്ധതി (CGAS), 1988 പ്രകാരം നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനായി പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന് കേന്ദ്രസർക്കാർ അനുമതി നൽകി. വീടോ വസ്തുവോ വിറ്റ് ലഭിക്കുന്നതും ഉടനടി പുനർനിക്ഷേപം നടത്താൻ സാധിക്കാത്തതുമായ മൂലധന നേട്ടങ്ങൾ പരമാവധി മൂന്ന് വർഷം വരെ ബാങ്കിൽ സുരക്ഷിതമായി നിക്ഷേപിച്ച് ആദായനികുതി ഇളവ് നേടുന്നതിനൊപ്പം പലിശ വരുമാനം ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. സേവിങ്സ് അക്കൗണ്ട്, സ്ഥിരനിക്ഷേപം (FD) എന്നീ രൂപങ്ങളിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ നഗര, അർധനഗര ശാഖകളിൽ ഈ സൗകര്യം ലഭ്യമാണ്. സീറോ ബാലൻസ് സൗകര്യം, ത്രൈമാസ പലിശ വിതരണം, നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയിലൂടെ നിക്ഷേപ വിവരങ്ങൾ എളുപ്പത്തിൽ അറിയാനുള്ള സൗകര്യം തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന ആനുകൂല്യങ്ങൾ. നിലവിൽ രാജ്യത്ത് സ്ഥിരതാമസമുള്ള എല്ലാ പൗരന്മാർക്കും എച്ച്ഡിഎഫ്സി ബാങ്ക് ശാഖകൾ വഴി ഈ നിക്ഷേപ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

