കൊച്ചി : പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ സില്‍വര്‍ സ്റ്റോം പാര്‍ക്ക് 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അര്‍ദ്ധ വാര്‍ഷികത്തില്‍ എക്കാലത്തെയും മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 63 ശതമാനം വളര്‍ച്ചയോടെ കമ്പനിയുടെ ആകെ വരുമാനം 22.1 കോടി രൂപയായി ഉയര്‍ന്നു. നികുതി കിഴിച്ചുള്ള അറ്റാദായത്തില്‍ 48 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയതോടെ ലാഭം 6.05 കോടി രൂപയിലെത്തി. ഈ കാലയളവില്‍ പാര്‍ക്ക് സന്ദര്‍ശിച്ചവരുടെ എണ്ണം 58 ശതമാനം വര്‍ദ്ധിച്ച് 2.86 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ ജൂലൈ 31-ന് കമ്പനിയുടെ ലിസ്റ്റിംഗ് നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള ആദ്യ സാമ്പത്തിക ഫലമാണിത്. പാര്‍ക്കിലെ സന്ദര്‍ശകരുടെ എണ്ണത്തിലും മൊത്തം വരുമാനത്തിലും ലാഭക്ഷമതയിലും മികച്ച മുന്നേറ്റം കൈവരിക്കാനായതായി സില്‍വര്‍ സ്റ്റോം മാനേജിംഗ് ഡയറക്ടര്‍ എ.ഐ. ഷാലിമാര്‍ പറഞ്ഞു. അതിരപ്പിള്ളിയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കേബിള്‍ കാറും ജംഗിള്‍ വില്ലേജും സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. നിലവില്‍ ജംഷഡ്പൂരില്‍ പ്രവര്‍ത്തിക്കുന്ന സ്നോസ്റ്റോമിന് പുറമെ ലഖ്നൗവില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന സ്നോ സ്റ്റോം, ഫാമിലി എന്റര്‍ടൈന്‍മെന്റ് സെന്റര്‍, ഫുഡ്കോര്‍ട്ട് ഉള്‍പ്പെടെയുള്ള ഷോപ്പിംഗ് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

