തൃക്കാക്കര: തൃക്കാക്കര നിയോജകമണ്ഡലം ട്വന്റി20- എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാരുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇടപ്പള്ളി ടോളില്‍ നിന്നും പാലാരിവട്ടത്തേയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി നയിച്ച റോഡ് ഷോ അക്ഷരാര്‍ത്ഥത്തില്‍ നഗരത്തെ ആവേശത്തിലാക്കി. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഷോയില്‍ ആയിരക്കണക്കിന് എന്‍ഡിഎ പ്രവര്‍ത്തകര്‍ അണിനിരന്നു. തൃക്കാക്കരയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം, തൊഴില്‍-നിക്ഷേപ മേഖലകളില്‍ വലിയൊരു മാറ്റമാണ് എന്‍ ഡി എ ലക്ഷ്യമിടുന്നത് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും നൈപുണ്യ വികസനത്തിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ജോലി ചെയ്യാനും വിജയം കൈവരിക്കാനും കഴിയുന്നൊരു വ്യവസായ അന്തരീക്ഷം ഒരുക്കും. ഇതിലൂടെ എല്ലാവര്‍ക്കും ഉയര്‍ന്ന ജീവിതനിലവാരവും കുറഞ്ഞ ജീവിതച്ചെലവും ഉറപ്പുവരുത്തുകയാണ് എന്‍ഡിഎയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

