ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്‍ഷുറന്‍സ് വിപണിയുടെ സാധ്യതകള്‍ മുതലെടുക്കുകയാണ് പുതുസംരംഭത്തിന്റെ ലക്ഷ്യം.
കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും ജര്‍മനിയിലെ അലയന്‍സ് ഗ്രൂപ്പും ചേര്‍ന്ന് സംയുക്ത സംരംഭം തുടങ്ങുന്നു. റീഇന്‍ഷുറന്‍സ് ബിസിനസ് രംഗത്ത് സജീവമാകാനാണ് പുതുസംരംഭം പദ്ധതിയിടുന്നത്. തങ്ങളുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ അലയന്‍സ് യൂറോപ്പ് ബിവിയിലൂടെയാണ് അലയന്‍സ് ഗ്രൂപ്പ് ജിയോ ഫിനാന്‍ഷല്‍ സര്‍വീസസ് ലിമിറ്റഡുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നത്.ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്‍ഷുറന്‍സ് വിപണിയുടെ സാധ്യതകള്‍ മുതലെടുക്കുകയാണ് പുതുസംരംഭത്തിന്റെ ലക്ഷ്യം. അണ്ടര്‍റൈറ്റിംഗ്, ആഗോള റീഇന്‍ഷുറന്‍സ് മേഖലകളില്‍ അലയന്‍സ് ഗ്രൂപ്പിന്റെ മികവും ആഭ്യന്തരതലത്തില്‍ ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ശക്തമായ ഡിജിറ്റല്‍ സാന്നിധ്യവും സമ്മേളിക്കുന്നതാണ് പുതിയ സംരംഭം.
നിലവില്‍ അലയന്‍സിന് ഇന്ത്യയിലുള്ള അലയന്‍സ് റീ, അലയന്‍സ് കൊമേഴ്സ്യല്‍ പോര്‍ട്ട്ഫോളിയോകളും പ്രവര്‍ത്തനങ്ങളും പുതിയ സംരംഭത്തിന്റെ ഭാഗമാകും. 25 വര്‍ഷത്തോളമായി രാജ്യത്തെ റീഇന്‍ഷുറന്‍സ് രംഗത്ത് സജീവമാണ് അലയന്‍സ് റീ.ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് മികച്ച രീതിയില്‍ റിസ്‌ക് മാനേജ് ചെയ്യാനും മല്‍സരക്ഷമത കൂട്ടാനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും സഹായമേകുന്നതായിരിക്കും ജിയോഫിനാന്‍ഷ്യല്‍-അലയന്‍സ് സംയുക്ത സംരംഭമെന്ന് ഇരുകമ്പനികളും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് ആവശ്യകതയില്‍ പരിവര്‍ത്തനാത്മകമായ വളര്‍ച്ചയാണ് ഇന്ത്യയിലുണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് നോണ്‍ എക്സിക്യൂട്ടിവ് ഡയറക്റ്ററായ ഇഷ അംബാനി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലോകോത്തര സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രക്രിയയെ പിന്തുണയ്ക്കുന്നതിനായി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് അലയന്‍സ് എസ്ഇ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഒലിവര്‍ ബെയ്റ്റ് പറഞ്ഞു.

