എഒഐ കോണ്‍ 2025: മൊബൈല്‍ ആപ്പ് സജ്ജം

എഒഐ കോണ്‍ 2025 പൂര്‍ണ്ണമായും പേപ്പര്‍ രഹിത സമ്മേളനമായിരിക്കുമെന്ന് എഒഐ കോണ്‍ 2025 ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. മാത്യു ഡൊമിനിക് പറഞ്ഞു.

 

കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാറിംഗോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ (എഒഐ) യുടെ 76ാമത് ദേശീയ സമ്മേളനം എഒഐ കോണ്‍ 2025 ന്റെ ഗതാഗതമുള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും പ്രതിനിധികള്‍ക്ക് ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമായി. കാര്‍ ഓണര്‍ ആന്റ് കാര്‍ട്ട് ഓണര്‍ (കൊകൊ) എന്ന പേരിലുള്ള ആപ്പില്‍ ഗതാഗതം, വാഹന പാര്‍ക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട് സമ്മേളന പ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കും യാതൊരു ബുദ്ധിമുട്ടും നേരിടാതിരിക്കാനുള്ള സംവിധാനങ്ങളാണ് ഊബര്‍ മാതൃകയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എഒഐ കോണ്‍ 2025 പൂര്‍ണ്ണമായും പേപ്പര്‍ രഹിത സമ്മേളനമായിരിക്കുമെന്ന് എഒഐ കോണ്‍ 2025 ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. മാത്യു ഡൊമിനിക് പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി മുളയില്‍ തീര്‍ത്ത സ്വാഗത കമാനങ്ങളായിരിക്കും സ്ഥാപിക്കുക.

സമ്മേളന ദിവസങ്ങളില്‍ പ്രതിനിധികള്‍ക്കുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി മരട് നഗരസഭയുടെ നേതൃത്വത്തില്‍ പ്രദേശത്തെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ വാഹന പാര്‍ക്കിംഗിന് സൗകര്യം ലഭ്യമാക്കും. കൊച്ചി മെട്രോ റെയിലിന്റെ ഇ ഓട്ടോ സംവിധാനം വഴിയായിരിക്കും പ്രതിനിധികളെ സമ്മേളന വേദിയില്‍ എത്തിക്കുക. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമായി നാലായിരത്തോളം ഡോക്ടര്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. പ്രതിനിധികളുടെ താമസത്തിനായി എറണാകുളത്തെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തു കഴിഞ്ഞു.

കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും വലിയ ഉണര്‍വ്വായിരിക്കും സമ്മേളനം സമ്മാനിക്കുക. എറണാകുളത്തെ വിവിധ പ്രൊഫഷണല്‍ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളായിരിക്കും സമ്മേളനത്തിന് വോളന്റിയര്‍മാരായി എത്തുക. സമ്മേളനത്തിനു മുന്നോടിയായി എറണാകുളം അമൃത ഇസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ലേക്ക്‌ഷോര്‍ ആശുപത്രി എന്നിവരുമായി സഹകരിച്ച് വിവിധ ഡെമോണ്‍സ്‌ട്രേഷനുകള്‍ സംഘടിപ്പിക്കുന്നുണ്ട്. 2025 ജനുവരി 9,10,11,12 തിയതികളില്‍ എറണാകുളം ലെ മെറീഡിയനിലാണ് സമ്മേളനം നടക്കുന്നത്.

Spread the love