അനിശ്ചിതത്വത്തിനിടയിലും കരുത്ത് തെളിയിച്ച് ഇന്ത്യന്‍ ടയര്‍ കയറ്റുമതി 

വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ച വിവരങ്ങളനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 23,073 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ടയര്‍ കയറ്റുമതി 9 ശതമാനം വര്‍ദ്ധിച്ച് 25,051 കോടി രൂപയിലെത്തി.
കൊച്ചി:  വ്യാപാരനയ അനിശ്ചിതത്വം ഉള്‍പ്പെടെ കനത്ത  വെല്ലുവിളികള്‍ക്കിടയിലും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ടയര്‍ വ്യവസായം കയറ്റുമതിയില്‍ കരുത്ത് തെളിയിച്ചുവെന്ന് ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ആത്മ) ചെയര്‍മാന്‍ അരുണ്‍ മാമ്മന്‍ , ആത്മ ഡയറക്ടര്‍ ജനറല്‍ രാജീവ് ബുധ് രാജ, ഇന്റോഡ് പ്രോജക്റ്റ് ചെയര്‍മാന്‍ മോഹന്‍ കുര്യന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ച വിവരങ്ങളനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 23,073 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ടയര്‍ കയറ്റുമതി 9 ശതമാനം വര്‍ദ്ധിച്ച് 25,051 കോടി രൂപയിലെത്തി.ഏകദേശം ഒരു ലക്ഷം കോടിയോളം രൂപയുടെ വാര്‍ഷിക വിറ്റുവരവും 25,000 കോടി രൂപയുടെ കയറ്റുമതിയുമായി ഇന്ത്യന്‍ നിര്‍മ്മാണ മേഖലയില്‍ ഉയര്‍ന്ന കയറ്റുമതിവരുമാന അനുപാതം കാണിക്കുന്ന അപൂര്‍വ വ്യവസായങ്ങളില്‍ ഒന്നാണ്  ടയര്‍ വ്യവസായം.ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി തുടര്‍ച്ചയായ നിക്ഷേപങ്ങള്‍, ശക്തമായ നിര്‍മ്മാണ പ്രവര്‍ത്തനം, ലക്ഷ്യബോധത്തോടെയുള്ള  ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കയറ്റുമതി വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങള്‍. കോവിഡ്19 കാലഘട്ടത്തിന് ശേഷം ടയര്‍ വ്യവസായം പ്രതിരോധശേഷിയും വളര്‍ച്ചയും കാണിച്ചിട്ടുള്ളത് ശ്രദ്ധേയമാണെന്നും കഴിഞ്ഞ മുന്ന്, നാല്  വര്‍ഷത്തിനിടെ ടയര്‍ നിര്‍മ്മാതാക്കള്‍ ഏകദേശം 27,000 കോടി രൂപ ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് പദ്ധതികളിലായി നിക്ഷേപിച്ചിട്ടുണ്ടെന്നും ആത്മ ചെയര്‍മാന്‍ അരുണ്‍ മാമ്മന്‍  പറഞ്ഞു. കേരളത്തില്‍ റബര്‍ കൃഷി പ്രോത്സാഹിപ്പിക്കാനും റബര്‍ കര്‍ഷകരെ സഹായിക്കാനും റബര്‍ ബോര്‍ഡുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പിഡബ്‌ള്യുസി വിഷന്‍  ഡോക്യുമെന്റിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ടയര്‍ വ്യവസായം 2047 വരെ വാര്‍ഷികമായി ശരാശരി 11-12 ശതമാനം വളര്‍ച്ചാ നിരക്കില്‍ (സിഎജിആര്‍) വളരാനാണ് സാധ്യത. ഉയര്‍ന്ന ആഭ്യന്തര ആവശ്യവും, വര്‍ധിച്ചുകൊണ്ടിരിക്കുന്ന കയറ്റുമതി സാധ്യതകളും, തുടര്‍ച്ചയായ സാങ്കേതിക പുരോഗതികളും ഈ ദീര്‍ഘകാല വളര്‍ച്ചക്ക് പിന്തുണയാകുന്ന പ്രധാന ഘടകങ്ങളാണ്. ആഗോളതലത്തില്‍ സമ്പദ്‌വ്യവസ്ഥയിലെ വെല്ലുവിളികള്‍ തുടരുകയാണെങ്കിലും ഇന്ത്യന്‍ ടയര്‍ വ്യവസായം ശക്തമായി നിലനില്‍ക്കുന്ന  മേഖലയാണ്. ആഭ്യന്തര വിപണി വന്‍തോതില്‍ വളരുന്ന സാഹചര്യത്തില്‍, ആഗോള ആഘാതങ്ങളെ നേരിടാന്‍ ഇന്ത്യന്‍ ടയര്‍ വ്യവസായം പ്രതിരോധ ശേഷിയുള്ളവരാണെന്നും അരുണ്‍ മാമ്മന്‍ കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ ടയറുകള്‍ 170ഓളം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ലാറ്റിന്‍ അമേരിക്ക, പൂര്‍വേഷ്യ  തുടങ്ങിയ മേഖലകളില്‍ ശക്തമായ സാന്നിധ്യമാണ് ഇന്ത്യന്‍ ടയറുകള്‍ക്ക്  ഉള്ളത്.കയറ്റുമതിമൂല്യത്തില്‍ 17 ശതമാനത്തോടെ അമേരിക്കയാണ്  ഇന്ത്യയുടെ ഏറ്റവും വലിയ ടയര്‍ കയറ്റുമതി കേന്ദ്രം. ജര്‍മനി (6%), ബ്രസീല്‍ (5%), യുഎഇ (4%), ഫ്രാന്‍സ് (4%) എന്നിങ്ങനെയാണ് പ്രധാന വിപണി.
വിഭാഗം അടിസ്ഥാനമാക്കിയാല്‍, ഫാം/കൃഷി ഉപയോഗ ടയറുകളും ഓഫ്ദറോഡ് ടയറുകളും കയറ്റുമതി മൂല്യത്തില്‍ ഏകദേശം 60 ശതമാനം പങ്ക് വഹിക്കുന്നു.യുഎസിലെ ടാരിഫുകളെ കുറിച്ച് വ്യവസായം അതീവ ശ്രദ്ധയോടെയാണ് സമീപിക്കുന്നതെന്നും ന്യായമായ വ്യാപാരശീലങ്ങള്‍ക്കും എല്ലാ കമ്പനികള്‍ക്കും തുല്യമായ വിപണി  ഉറപ്പാക്കുന്ന സാഹചര്യങ്ങള്‍ക്കും ആത്മ ശക്തമായി പിന്തുണ നല്‍കുന്നുവെന്നും അരുണ്‍ മാമ്മന്‍ പറഞ്ഞു.
ഇന്ത്യന്‍ ടയര്‍ കമ്പനികളുടെ അന്താരാഷ്ട്ര സാന്നിധ്യവും ശക്തമായിട്ടുണ്ട്. അപോളോ ടയേഴ്‌സ്, സിയറ്റ്, ജെകെ ടയര്‍, എംആര്‍എഫ് തുടങ്ങിയ കമ്പനികള്‍ ബ്രാന്‍ഡ് ഫിനാന്‍സ് പുതിയതായി പ്രസിദ്ധീകരിച്ച പട്ടികയില്‍ ലോകത്തിലെ ഏറ്റവും ശക്തമായ ടയര്‍ ബ്രാന്‍ഡുകളില്‍ ആദ്യ പതിനഞ്ചില്‍  ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ആഗോള വിപണികളില്‍ ഇന്ത്യയുടെ വളരുന്ന സ്വാധീനത്തെയും പ്രാധാന്യത്തെയുമാണ് തെളിയിക്കുന്നത്.മത്സരക്ഷമമായ വിലനിര്‍ണയം, മികച്ച ഗുണനിലവാരം, ബ്രാന്‍ഡിംഗ് ശ്രമങ്ങള്‍, അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷനുകളുമായും നിലവാരങ്ങളുമായും ചേര്‍ന്ന് നില്‍ക്കല്‍  എന്നിവയിലൂടെ ടയര്‍ കയറ്റുമതി കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ട്. എങ്കിലും, ഉല്‍പ്പാദനവും കയറ്റുമതിയും കൂടുതല്‍ ഉയര്‍ത്താന്‍ ആവശ്യമായ സ്വാഭാവിക   റബ്ബറിന്റെ മതിയായ ലഭ്യത ഉറപ്പാക്കുന്നത് നിര്‍ണായകമാണ്.ഇപ്പോള്‍, വ്യവസായത്തിന് ആവശ്യമായ സ്വാഭാവിക  റബ്ബറിന്റെ (എന്‍ ആര്‍) ഏകദേശം 40% വും,  ആഭ്യന്തര വിപണിയിലെ ലഭ്യത കുറവ് മൂലം  ഇറക്കുമതിയിലൂടെയാണ്  പരിഹരിക്കപ്പെടുന്നത്. ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന സ്വാഭാവിക  റബ്ബറിന്റെ ഭൂരിഭാഗവും ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യപ്പെടുന്നു.
അതിനാല്‍ കയറ്റുമതിക്കായി ലഭിക്കുന്നത് വളരെ കുറവാണ്.ഈ കുറവ് നികത്താന്‍ വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം ടയര്‍ വ്യവസായം ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡുമായി ചേര്‍ന്ന് പ്രോജക്ട് ഇന്റോഡ് ആരംഭിച്ചിട്ടുണ്ട്. ആത്മയിലെ നാല് പ്രമുഖ അംഗ കമ്പനികളില്‍ നിന്നും ലഭിക്കുന്ന 1,100 കോടി രൂപയുടെ പിന്തുണയോടെ,  2 ലക്ഷം ഹെക്ടറില്‍  സ്വാഭാവിക   റബ്ബര്‍ കൃഷി  പ്രോത്സാഹിപ്പിക്കുകയും റബര്‍ കൃഷിക്ക് അനുയോജ്യമായ ഇടങ്ങളില്‍   അടിസ്ഥാനസൗകര്യങ്ങളും വിദഗ്ധ പിന്തുണയും നല്‍കുകയും ചെയ്യും.2030ഓടെ 20 ലക്ഷം ടണ്‍ സ്വാഭാവിക റബര്‍ ആവശ്യമായി വരും. സുസ്ഥിരമായ സ്വാഭാവിക റബറിനെ ആശ്രയിച്ചാണ് ഇന്ത്യന്‍ ടയര്‍ കമ്പനികളുടെ നിലനില്‍പ്. ലോകവ്യാപകമായി സിന്തറ്റിക് റബ്ബര്‍ ടയര്‍ ഉപയോഗം  60% ആണെങ്കിലും, ഇന്ത്യയില്‍ ഉപയോഗിക്കുന്നത്  60%വും  സ്വാഭാവിക റബ്ബറാണ്.ഇന്റര്‍നാഷണല്‍ റബ്ബര്‍ സ്റ്റഡി ഗ്രൂപ്പ് (ഐ ആര്‍ എസ് ജി) റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2020 മുതല്‍ 2024 വരെ, സ്വാഭാവിക   റബ്ബര്‍ ഉപയോഗ, ഉത്പാദക രാജ്യങ്ങളില്‍, ഇന്ത്യ 6.15%  വാര്‍ഷിക സംയുക്ത വളര്‍ച്ച നിരക്ക് നേടിയിട്ടുണ്ട്. വര്‍ധിച്ചു വരുന്ന ആവശ്യകത നേരിടാന്‍ ആഭ്യന്തര സ്വാഭാവിക റബര്‍ ഉത്പാദനം വേഗത്തിലാക്കേണ്ടത് അനിവാര്യമാണെന്നും അരുണ്‍ മാമ്മന്‍ ചൂണ്ടിക്കാട്ടി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു