പൊതുജനങളുടെ പണമാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതെന്നും, അതില്‍ നിന്നും ലാഭമുണ്ടാക്കി ജനങ്ങളോടുള്ള ഉത്തരവാദിത്തം പൂര്‍ണമായി പാലിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സാധിക്കണം എന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭം ലക്ഷ്യമാക്കിത്തന്നെ പ്രവര്‍ത്തിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വ്യവസായ വകുപ്പിന് കീഴില്‍ വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കുന്നതിനു വേണ്ടി രൂപീകരിച്ച ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്സ്ഫോര്മേഷന് ഏര്‍പ്പെടുത്തിയ ബിസിനസ്സ് പ്ലാനും ധാരണാ പത്രവും ഒപ്പിടുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങളുടെ പണമാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതെന്നും, അതില്‍ നിന്നും ലാഭമുണ്ടാക്കി ജനങ്ങളോടുള്ള ഉത്തരവാദിത്തം പൂര്‍ണമായി പാലിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സാധിക്കണം എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുമേഖലയില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വിറ്റുവരവ് 5000 കോടി കടന്നു എന്നുള്ളത് ഏറെ അഭിമാനകരമാണ്. കഴിഞ്ഞ വര്‍ഷം തയാറാക്കിയ ബിസിനസ്സ് പ്ലാനും ധാരണ പത്രവും അടിസ്ഥാനമാക്കി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടുണ്ട്. തീരുമാനിച്ച തരത്തിലുള്ള പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങള്‍ അതെന്തുകൊണ്ട് എന്ന് പരിശോധിക്കണം.
പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, മത്സര സജ്ജമാക്കുക, ലാഭകരമാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതിന്റെ ഭാഗമായി നിയമനങ്ങള്‍ക്കുവേണ്ടി റിക്രൂട്ട്മെന്റ് ബോര്‍ഡ് കൊണ്ടുവന്നതടക്കം നിരവധി മാറ്റങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അനാവശ്യമായ ഒരിടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. അടുത്ത വര്‍ഷം 6150 കോടി വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ പ്രൊഫഷണല്‍ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കാനും ലാഭം ഉറപ്പാക്കാനും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴചവെച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അഭിനന്ദനപത്രങ്ങള്മന്ത്രി സമ്മാനിച്ചു.
ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്സ്ഫോര്മേഷന് ചെയര്മാന് കെ. അജിത്കുമാര്‍ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ 202425 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് അധ്യക്ഷനായി. വ്യവസായ വാണിജ്യ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂല തോമസ് ഐ.എ.എസ്, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് സെക്രട്ടറി ഹരികുമാര്‍ ഐ.എ.എസ്, ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്സ്ഫോര്മേഷന് മെമ്പര്‍ സെക്രട്ടറി പി. സതീഷ് കുമാര്‍, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.