ബിസിനസ് സാധ്യതാ പഠനം: കെ എം എ പ്രതിനിധി സംഘം വിയറ്റ്‌നാമില്‍ 

അതത് രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും പദ്ധതികള്‍ വികസിപ്പിക്കുന്നതിനും കെ എം എയും ഇന്‍ചാമും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി
കൊച്ചി: ബിസിനസ്, സംരംഭക സാധ്യതകളെ കുറിച്ച് പഠിക്കാന്‍ കെഎം എ പ്രതിനിധി സംഘം വിയറ്റ്‌നാമില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. പ്രസിഡന്റ് ബിബു പുന്നൂരാന്‍, ഓണററി സെക്രട്ടറി ഡോ. അനില്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിള്ള സംഘമാണ് വിയറ്റ്‌നാമില്‍ നാലുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. വിയറ്റ്‌നാമിലെ ഇന്ത്യന്‍ ബിസിനസ് ചേംബറിലെ (ഇന്‍ചാം) സെക്രട്ടറി ദുയി ക്വിയുടെ സഹകരണത്തോടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ വിജേഷ് എംവി, പിയൂഷ് റാത്തോര്‍ എന്നിവരാണ് പരിപാടി ഏകോപിപ്പിച്ചത്,ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള ബിസിനസ്സ് സഹകരണം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി വ്യാവസായിക സന്ദര്‍ശനങ്ങള്‍, നെറ്റ്‌വര്‍ക്കിംഗ് സെഷനുകള്‍, തന്ത്രപരമായ ചര്‍ച്ചകള്‍ എന്നിവ നടത്തിയ പ്രതിനിധി സംഘം വിയറ്റ്‌നാമിലെ പ്രധാന വ്യവസായങ്ങലെ കുറിച്ചും നിക്ഷേപ അവസരങ്ങളെ കുറിച്ചും നേരിട്ടറിഞ്ഞു.

അതത് രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും പദ്ധതികള്‍ വികസിപ്പിക്കുന്നതിനും കെ എം എയും ഇന്‍ചാമും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, അറിവ് കൈമാറ്റം എന്നിവ സുഗമമാക്കുന്നതിനായി ഇരു സംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കും.ഉല്‍പ്പാദനം, സാങ്കേതികവിദ്യ, വ്യാപാരം തുടങ്ങിയ മേഖലകളിലെ പ്രമുഖ വിയറ്റ്‌നാമീസ് സംരംഭങ്ങള്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. വിയറ്റ്‌നാമിലെ വ്യവസായ പ്രമുഖര്‍, നയരൂപീകരണ വിദഗ്ദ്ധര്‍, പ്രവാസി ബിസിനസ്സ് സമൂഹം എന്നിവരുമായി സംവേദനാത്മക സെഷനുകളും ഹോ ചി മിന്‍ സിറ്റിയിലെ ഇന്‍ചാം ഓഫീസില്‍ ഇന്‍ചാമിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരുമായി വിശദമായ ചര്‍ച്ചകളും സംഘം നടത്തി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു