കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിര്‍ണ്ണായക പങ്ക്: വിനോദ് മഞ്ഞില 

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സ്വാധീനിക്കുന്ന തരത്തില്‍ ഭാവി വ്യവസായങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പുകള്‍ വഹിക്കുന്നത്.

 

 

കൊച്ചി: കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപ്രകൃതിയെ അതിവേഗം മാറ്റികൊണ്ടിരിക്കുകയാണെന്നും സി.ഐ.ഐ കേരള ചെയര്‍മാന്‍ വിനോദ് മഞ്ഞില. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സ്വാധീനിക്കുന്ന തരത്തില്‍ ഭാവി വ്യവസായങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പുകള്‍ വഹിക്കുന്നത്. രാജ്യമാകെ തന്നെ ശ്രദ്ധിക്കും വിധമുള്ള വളര്‍ച്ചയാണ് ഈ മേഖലയില്‍ കേരളം നടത്തുന്നത്. സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം, രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 20% വര്‍ദ്ധനവാണ് സംസ്ഥാനത്തുണ്ടാകുന്നത്. നിലവില്‍ കേരളത്തില്‍ വിവിധ മേഖലകളിലായി 3500 ലധികം സജീവ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സംരംഭകത്വത്തിലെ ഈ വലിയ കുതിച്ചുചാട്ടം നവീകരണത്തിനുള്ള കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിനാകെ തന്നെ മാതൃകയായി മാറുന്ന കേരളത്തെയാണ് നമുക്ക് കാട്ടിത്തരുന്നത്.സംരംഭകര്‍ക്ക് അവരുടെ ആശയങ്ങള്‍ പ്രാവര്‍ത്തിമാക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) വഹിക്കുന്നത്.

ഐഇഡിസി (കോളേജുകള്‍ക്കായുള്ള ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകള്‍), വൈഐപി (യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം), ഇന്‍കുബേഷനും ആക്‌സിലറേഷനുമുള്ള പ്രോഗ്രാമുകള്‍, കോര്‍പ്പറേറ്റ് ഇന്നൊവേഷന്‍ തുടങ്ങിയ വിവിധ സംസ്ഥാന സര്‍ക്കാര്‍ സംരംഭങ്ങള്‍ കേരളത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രാജ്യത്തെ ഏറ്റവും മികച്ച സ്ഥലമാക്കി മാറ്റിയിരിക്കുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച സംസ്ഥാനത്തെ പലവിധ വ്യവസായങ്ങളിലുടനീളം ഡിജിറ്റല്‍ പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തി. ഡിജിറ്റല്‍ ഉപകരണങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും സ്വീകാര്യത വര്‍ദ്ധിച്ചുവരുന്നതോടെ, സാങ്കേതിക നവീകരണം, സുസ്ഥിരത, സാമ്പത്തിക വൈവിധ്യവല്‍ക്കരണം എന്നിവയിലൂടെ ഭാവി വ്യവസായങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഹെല്‍ത്ത്‌ടെക്, അഗ്രിടെക്, ഫിന്‍ടെക്, എഡ്യൂടെക്, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ പരമ്പരാഗത വ്യവസായങ്ങളെ പരിവര്‍ത്തനം ചെയ്യുകയും, ഹരിത സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുകയും, ഡിജിറ്റല്‍ പരിഹാരങ്ങളിലൂടെ പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരായ യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വലിയ പങ്ക് വഹിക്കുന്നു. സാങ്കേതികവിദ്യ, നിര്‍മ്മാണം, മാര്‍ക്കറ്റിംഗ്, ഉപഭോക്തൃ പിന്തുണ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാന്‍ ഈ സംരംഭങ്ങള്‍ സഹായിക്കുന്നു.പുതിയ ആശയങ്ങള്‍, സാങ്കേതികവിദ്യകള്‍, ബിസിനസ്സ് ചെയ്യുന്നതിനുള്ള വഴികള്‍ എന്നിവ അവതരിപ്പിച്ചുകൊണ്ട് ഭാവിയിലെ വ്യവസായങ്ങളെ രൂപപ്പെടുത്തുന്നതില്‍ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ തുടര്‍ച്ചയായ വിജയം നിര്‍ണായകമാകും. ഇത് സംസ്ഥാനം വര്‍ത്തമാനകാലത്ത് അഭിവൃദ്ധി പ്രാപിക്കുക മാത്രമല്ല, ആഗോള സമ്പദ്വ്യവസ്ഥയില്‍ ഒരു പ്രധാനിയായി മാറുന്നതിനും സഹായിക്കുമെന്നും വിനോദ് മഞ്ഞില പറഞ്ഞു

Spread the love