പരമ്പരാഗത ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് രീതികളില്‍ നിന്ന് ‘സ്മാര്‍ട്ട് ഹാന്‍ഡ്ലിംഗി’ലേക്ക് മേഖല മാറി. എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ സാങ്കേതികവിദ്യ നിയന്ത്രിക്കുന്ന കാലഘട്ടത്തില്‍ നൂതനാശയങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം.
കൊച്ചി: നിര്‍മിത ബുദ്ധിയും ഓട്ടോമേഷനും വ്യോമയാന മേഖലയുടെ മുഖച്ഛായ മാറ്റുകയാണെന്നും, ഈ മാറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യ വികസനം കൈവരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്നും എയര്‍ ഇന്ത്യ സാറ്റ്സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെന്തില്‍ കുമാര്‍ പറഞ്ഞു. സി.ഐ.എ.എസ്.എല്‍ അക്കാദമിയില്‍ നടന്ന അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരമ്പരാഗത ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് രീതികളില്‍ നിന്ന് ‘സ്മാര്‍ട്ട് ഹാന്‍ഡ്ലിംഗി’ലേക്ക് മേഖല മാറി. എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ സാങ്കേതികവിദ്യ നിയന്ത്രിക്കുന്ന കാലഘട്ടത്തില്‍ നൂതനാശയങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം. കിയോസ്ക് ചെക്കിന്, ഐബോര്ഡിംഗ് തുടങ്ങിയ സംവിധാനങ്ങള്‍ വ്യാപകമാകുന്നതോടെ തൊഴില്‍ ഘടനയിലും കാതലായ മാറ്റങ്ങള്‍ വരും.
2030ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 220ലേക്ക് ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നോയിഡ, നവി മുംബൈ വിമാനത്താവളങ്ങള്‍ ഇതിന് ഉദാഹരണമാണ്. സിയാല്‍ മാതൃകയായ ‘ഗ്രീന്‍ എയര്‍പോര്‍ട്ട്’ സങ്കല്‍പ്പം ആഗോളതലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങളും സൗരോര്‍ജ്ജവും ഉപയോഗിക്കുന്ന സുസ്ഥിര വികസന മാതൃകകളാണ് വരാനിരിക്കുന്നത്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ വമ്പന്‍ എയര്‍ലൈനുകള്‍ ഊര്‍ജ്ജസ്വലരായ യുവതയെയാണ് തേടുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഏവിയേഷന്‍ മേഖല ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം വ്യക്തിഗത കഴിവുകളും ഒരു ടീമായി പ്രവര്‍ത്തിക്കാനുള്ള മനോഭാവവും നിര്‍ണായകമാണെന്ന് അക്കാദമി ഹെഡ് പി.എസ്. ബാബുരാജ് പറഞ്ഞു. അതിവേഗം വളരുന്ന വ്യോമയാന മേഖലയില്‍ സ്വപ്നം സാക്ഷാത്കരിക്കാന്‍ നിരന്തരം പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ ഏവിയേഷന്‍ ദിനത്തോട അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. ചടങ്ങില്‍ സി.ഐ.എ.എസ്.എല്‍ ക്വാളിറ്റി മാനേജര്‍ കെ.പി. തോമസ്, പ്രൊഫസര്‍ ഡോ. ജോമോന് പാപ്പച്ചന് എന്നിവര്‍ സംസാരിച്ചു.

