ഒക്ടോബര്‍ 30, 31 തീയതികളില്‍ അങ്കമാലിയിലെ അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി.
കൊച്ചി: കേരളത്തെ ലോകത്തിനു മുന്നില്‍ ഒരു സമ്പൂര്‍ണ്ണ ഹെല്‍ത്ത് കെയര്‍ കേന്ദ്രമായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി ഐ ഐ) കേരള, ഏഴാമത് ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ് & എക്‌സ്‌പോയും പന്ത്രണ്ടാമത് കേരള ഹെല്‍ത്ത് ടൂറിസം – അന്താരാഷ്ട്ര കോണ്‍ഫറന്‍സും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 30, 31 തീയതികളില്‍ അങ്കമാലിയിലെ അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ സമ്മേളനങ്ങളില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികള്‍ പങ്കെടുക്കും. മെഡിക്കല്‍ വാല്യൂ ടൂറിസത്തിനും ഹോളിസ്റ്റിക് വെല്‍നസ്സിനുമുള്ള ലോകോത്തര കേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടാനും അതുവഴി ഈ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. സി.ഐ.എ കേരളയുടെ ആയുര്‍വേദ, ഹെല്‍ത്ത് കെയര്‍ പാനലുകളാണ് ഉച്ചകോടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍ ടൂറിസം, ആരോഗ്യം, വ്യവസായം വകുപ്പുകള്‍ എന്നിവയുടെ പിന്തുണയും സഹകരണവും ഈ ഉദ്യമത്തിനുണ്ട്. ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ് ആയുര്‍വേദ മേഖലയ്ക്ക് വളര്‍ച്ചാ പ്രചോദനം നല്‍കുന്ന വേദിയാകുമ്പോള്‍, കേരള ഹെല്‍ത്ത് ടൂറിസം സമ്മിറ്റ് ലോകമെമ്പാടുമുള്ള ആരോഗ്യ പരിപാലന ദാതാക്കള്‍ക്കും വ്യവസായ പ്രമുഖര്‍ക്കും ഒത്തുചേരാനും കേരളത്തെ മെഡിക്കല്‍ ടൂറിസത്തിന്റെ ആഗോള കേന്ദ്രമായി പ്രദര്‍ശിപ്പിക്കാനും അവസരം ഒരുക്കും.
ഒമാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഉസ്ബെക്കിസ്ഥാന്‍, മൊറോക്കോ, ടാന്‍സാനിയ, എത്യോപ്യ, വിയറ്റ്നാം, സൗദി അറേബ്യ, ഓസ്‌ട്രേലിയ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുകയും ബിസിനസ് ടു ബിസിനസ് കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്യും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്, നിയമം, വ്യവസായം, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവര്‍ ചേര്‍ന്ന് സമ്മേളനങ്ങളും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആയുഷ് സെക്രട്ടറി രാജേഷ് കോട്ടേച്ച ഐ.എ.എസ് ചടങ്ങില്‍ പങ്കെടുക്കും. മികച്ച ആരോഗ്യ സേവനങ്ങളെയും മെഡിക്കല്‍ മൂല്യ ടൂറിസത്തിലെ നേട്ടങ്ങളെയും ആദരിക്കുന്നതിനായി സിഐഐ കേരള ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ ടൂറിസം അവാര്‍ഡുകളും ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.ആയുര്‍വേദ, ആരോഗ്യ പരിപാലന മേഖലകളിലെ 70-ല്‍ അധികം പ്രദര്‍ശകര്‍ പങ്കെടുക്കുന്ന പ്രദര്‍ശനവും സമ്മിറ്റിനോടനുബന്ധിച്ച് ഉണ്ടാകും. ഏകദേശം 600-ല്‍ അധികം പ്രതിനിധികളും 3000-ത്തിലധികം ബിസിനസ് സന്ദര്‍ശകരും രണ്ട് ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വി.കെ.സി. റസാക്ക് (ചെയര്‍മാന്‍, സി ഐ ഐ കേരള), ഡോ. പി. എം. വാരിയര്‍ (കണ്‍വീനര്‍, സി ഐ ഐ കേരള ആയുര്‍വേദ പാനല്‍), ഡോ. സജി കുമാര്‍ (മുന്‍ ചെയര്‍മാന്‍, സി ഐ ഐ കേരള), ഡോ. പി. വി. ലൂയിസ് (കണ്‍വീനര്‍, സി ഐ ഐ കേരള ഹെല്‍ത്ത് കെയര്‍ പാനല്‍), ഡോ. നളന്ദ ജയദേവ് (കോ-കണ്‍വീനര്‍, സി ഐ ഐ കേരള ഹെല്‍ത്ത് കെയര്‍ പാനല്‍) എന്നിവര്‍ സംബന്ധിച്ചു.

