ഡിപിഐഐടി ഡെപ്യൂട്ടി സെക്രട്ടറി രാജേഷ് കുമാറും യുവര്‍സ്റ്റോറി, ദി ഭാരത് പ്രോജക്റ്റ് എന്നിവയുടെ സ്ഥാപകയും സിഇഒയുമായ ശ്രദ്ധ ശര്‍മ്മയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ന്യൂഡല്‍ഹി: സംരംഭകത്വത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) യുവര്‍സ്റ്റോറി മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു. ഡിപിഐഐടി ഡെപ്യൂട്ടി സെക്രട്ടറി രാജേഷ് കുമാറും യുവര്‍സ്റ്റോറി, ദി ഭാരത് പ്രോജക്റ്റ് എന്നിവയുടെ സ്ഥാപകയും സിഇഒയുമായ ശ്രദ്ധ ശര്‍മ്മയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.സ്റ്റാര്‍ട്ടപ്പുകള്‍, നൂതനാശയം, സംരംഭകത്വം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടുള്ളതാണ് ഈ ധാരണ പത്രം. ഭാരത് പ്രോജക്ടിന് കീഴില്‍ പ്രാദേശിക ഭാഷയിലൂടെയുള്ള സംരംഭങ്ങള്‍, നിര്‍മിത ബുദ്ധി അധിഷ്ഠിതസംവിധാനങ്ങള് , സംരംഭക സഹായ കേന്ദ്രങ്ങള്‍ എന്നിവയിലൂടെ ഒരു ദശലക്ഷം സംരംഭകരെ ശാക്തീകരിക്കുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.
ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ്, സാങ്കേതികവിദ്യ ആവാസവ്യവസ്ഥയില്‍ വിനിമയം വര്‍ധിപ്പിയ്ക്കുന്നതിന് പ്രധാന സ്റ്റാര്‍ട്ടപ്പ് പരിപാടികളും ഡെവലപ്പര്‍ കേന്ദ്രീകൃത പ്ലാറ്റ്ഫോമുകളും പ്രോത്സാഹിപ്പിക്കുന്നതിനും ഈ സംരംഭം പ്രയോജനപ്പെടുത്തും.നൂതനാശയങ്ങളുടെ പ്രദര്‍ശനങ്ങള്‍, സ്ഥാപകനിക്ഷേപക സംഗമം, വളര്‍ന്നുവരുന്ന മേഖലകളായ എ ഐ, ജെന്‍ എ ഐ, ഡാറ്റ, ബ്ലോക്ക്ചെയിന്‍ തുടങ്ങിയവയ്ക്കുള്ള പിന്തുണ എന്നിവ ഈ പ്ലാറ്റ്ഫോമുകള് സുഗമമാക്കും.അടുത്ത തലമുറയിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്ര പ്ലാറ്റ്ഫോമുകളുടെ പ്രാധാന്യം വലുതാണെന്ന് ഡിപിഐഐടി ജോയിന്റ് സെക്രട്ടറി സഞ്ജീവ് സിംഗ് പറഞ്ഞു. സംരംഭകര്‍ക്ക് പ്രത്യേകിച്ച് സേവനങ്ങള്‍ കുറഞ്ഞ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് സംരംഭക മേഖലയിലെ നെറ്റ്വര്ക്കുകള്, അറിവ്, വിജയഗാഥകള്‍ എന്നിവയിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനും അതുവഴി ആഗോള നൂതനാശയ കേന്ദ്രമായി മാറുന്നതിനുമുള്ള ഇന്ത്യയുടെ യാത്രയെ ത്വരിതപ്പെടുത്തുന്നതിനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

