ഫിന്‍ലാന്‍ഡ് സര്‍ക്കാരിന്റെ സിസു ലോഞ്ച് പാഡിലേക്ക്  പ്രവേശനം നേടി ക്യൂബേ കരിയര്‍ 

സിസു ലോഞ്ച്പാഡിലേക്ക് ഈ വര്‍ഷം  തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പും ക്യൂബേ ആണ്.

കൊച്ചി:  സ്റ്റാര്‍ട്ടപ്പ് സംരംഭം ക്യൂബേ കരിയര്‍ ഫിന്‍ലാന്‍ഡ് സര്‍ക്കാരിന്റെ പ്രശസ്തമായ സിസു ലോഞ്ച്പാഡ് പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തില്‍ ഫിന്‍ലാന്‍ഡ് സര്‍ക്കാര്‍ തെരഞ്ഞെടുത്ത മുന്‍നിര 20 സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ക്യൂബേ കരിയര്‍.ക്യൂബേ സ്ഥാപകരായ ഫാസില്‍ കരാട്ടും ഡോ. മുഹമ്മദ് ഷഫീഖ് കരാട്ടും ഇപ്പോള്‍ ഹെല്‍സിങ്കിയില്‍ നടക്കുന്ന, നോര്‍ഡിക് രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ വിപണിയും ലക്ഷ്യമിടുന്ന പ്രമുഖ ആക്‌സിലറേറ്റര്‍ പ്രോഗ്രാമില്‍ പങ്കെടുക്കുകയാണ്. യുകെ, അയര്‍ലന്‍ഡ്, യൂറോപ്പ്, എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി ക്യൂബേ കരിയര്‍ മാര്‍ഗനിര്‍ദ്ദേശം, ജോലിക്കുള്ള തയ്യാറെടുപ്പ്, അപേക്ഷ മുതല്‍ അഭിമുഖം വരെ സമ്പൂര്‍ണ്ണ പിന്തുണ എന്നിവ നല്‍കുന്നു. ആഗോളതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 20 സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാകാന്‍ കഴിഞ്ഞത് കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്കുള്ള വലിയ അംഗീകാരമാണെന്ന് ക്യൂബേ സ്ഥാപകര്‍ വ്യക്തമാക്കി. സിസു ലോഞ്ച്പാഡിലേക്ക് ഈ വര്‍ഷം  തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പും ക്യൂബേ ആണ്.

ഡോ. ഫാസിലിന് ഫിന്‍ലാന്‍ഡ് റിപ്പബ്ലിക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. സിസു ലോഞ്ച് പാഡ് പോലുള്ള അന്താരാഷ്ട്ര വേദിയിലേക്ക് എത്താന്‍ കഴിഞ്ഞത് കേരളത്തിലെ സംരംഭകശേഷിയുടെ അംഗീകാരം ആണെന്ന് ഫാസില്‍ പറഞ്ഞു. കോഴിക്കോട്ടെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള ക്യൂബേയ്ക്ക് കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ പിന്തുണയോടെയാണ് ആഗോള വിപണിയിലെത്താന്‍ സഹായകമായത്. ഇത്തരമൊരു നേട്ടത്തോടെ ക്യൂബേ കരിയര്‍ യൂറോപ്യന്‍ വിപണിയിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ നിര്‍ണ്ണായക ചുവടുവെപ്പാണ് നടത്തുന്നതെന്നും ഫാസില്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനു പുറത്തുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേകിച്ച് ഫിന്‍ലാന്‍ഡ് വിപണിയില്‍ പ്രവേശിക്കാന്‍ സഹായിക്കുന്നതിനു വേണ്ടിയുള്ള ആക്‌സിലറേറ്റര്‍ പദ്ധതിയാണ് സിസു ലോഞ്ച്പാഡ്. മെന്റോര്‍ഷിപ്പ്, ഇന്‍വെസ്റ്റര്‍ ബന്ധങ്ങള്‍, പ്രായോഗിക ബിസിനസ് പരിശീലനം എന്നിവ നല്‍കുകയും, ഫിന്‍ലാന്‍ഡിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം മനസിലാക്കുന്നതിനായി സ്ഥാപകരെ സഹായിക്കുകയും ചെയ്യുന്നു. യൂറോപ്യന്‍ വിപണിയിലെ നിക്ഷേപകരിലേക്കും അവസരങ്ങളിലേക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേരിട്ടുള്ള പ്രവേശനവും ഈ പ്രോഗ്രാം ഒരുക്കുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു