സ്വര്‍ണ്ണവിലയുടെ കുതിപ്പിനും കിതപ്പിനും കാരണമാകുന്ന നീരീക്ഷണം സൊസൈറ്റി ടുഡേയുമായി പങ്കുവെയ്ക്കുകയാണ് പ്രിഷ്യസ് മെറ്റല്‍സ് റിഫൈനറീസ് ഫോറം (പിഎംആര്‍എഫ്) ഓള് ഇന്ത്യ പ്രസിഡന്റും സിജിആര്‍ മെറ്റലോയിസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ജെയിംസ് ജോസ്
കൊച്ചി: മുമ്പില്ലാത്ത വിധം സ്വര്‍ണ്ണവിലയില്‍ കുതിപ്പുണ്ടാകാന്‍ കാരണം ലോകരാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ താരിഫ് നയങ്ങളും ഇടിഎഫ് നിക്ഷേപകര്‍ കമ്പനികള്‍ വിട്ട് സ്വര്‍ണ്ണത്തില്‍ നിക്ഷേപം വര്‍ധിപ്പിച്ചതും മൂലമെന്ന് പ്രിഷ്യസ് മെറ്റല്‍സ് റിഫൈനറീസ് ഫോറം (പിഎംആര്‍എഫ്) ഓള് ഇന്ത്യ പ്രസിഡന്റും സിജിആര്‍ മെറ്റലോയിസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ജെയിംസ് ജോസ് സൊസൈറ്റി ടുഡേയോട് പറഞ്ഞു.പണ്ടൊക്കെ നമ്മള് കണ്ടുവന്നിരുന്നത് സ്വര്‍ണ്ണവില കൂടിക്കഴിഞ്ഞാല്‍ വാങ്ങല്‍ നിര്‍ത്തുകയും അതോടെ വില ഇടിയുന്നതുമായിരുന്നു. ഇതായിരുന്നു പത്തു വര്‍ഷം മുമ്പുള്ള അവസ്ഥ. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. 2013 നു ശേഷം സ്വര്‍ണ്ണത്തിന്റെ വില കൂടാനുള്ള കാരണം ജനങ്ങളുടെ പര്‍ച്ചേസല്ല പ്രധാന കാരണം, മറിച്ച് സെന്‍ട്രല്‍ ബാങ്കുകളുടെ പര്‍ച്ചേസാണ്. വില എത്രമാത്രം കൂടിയാലും അവര്‍ക്ക് പ്രശ്നമല്ല. അവര്‍ സ്വര്‍ണ്ണം വാങ്ങുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മൊത്തം സ്വര്‍ണ്ണം വാങ്ങലിന്റെ 30 ശതമാനം സെന്‍ട്രല്‍ ബാങ്കുകളുടെ പര്‍ച്ചേസാണ്. 2013ന് ശേഷം ഇതാണ് സ്വര്‍ണ്ണ വില കൂടാനുള്ള മറ്റൊരു കാരണം. ചൈനയൊഴികെയുള്ള രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ കണക്കുകള്‍ പുറത്തു വരുന്നുണ്ട് എന്നാല്‍ ചൈനയുടെ കണക്ക് പുറത്ത് വരാത്തതിനാല്‍ അവര്‍ വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ കണക്ക് കൃത്യമായി അറിയാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. 2024 മുതല്‍ സ്വര്‍ണ്ണവില കൂടാനുള്ള മറ്റൊരു കാരണം അമേരിക്ക റഷ്യയുടെ മേല്‍ ഏര്‍പ്പെടുത്തിയ ഇക്കണോമിക് ബ്ലോക്കേഡാണ്. അമേരിക്കന്‍ മണി ട്രാന്‍സ്ഫര്‍ സംവിധാനമായ സ്വിഫ്റ്റ് വഴിയാണ് ഇന്റര്‍നാണല്‍ കറന്‍സി ട്രാസ്ഫര്‍ നടക്കുന്നത്. റഷ്യ തങ്ങളുടെ റിസര്‍വ്വ് കറന്‍സിയുടെ നല്ലൊരു ശതമാനം ഡോളറിലാണ് സൂക്ഷിച്ചു വെച്ചിരുന്നത്. റഷ്യയും യുക്രെയ്നും തമ്മില്‍ യുദ്ധം വന്നപ്പോള്‍ റക്ഷ്യയുടെ ഫണ്ട് ട്രാന്‍സ്ഫര്‍ സ്വിഫ്റ്റ് തടഞ്ഞു. ഇതോടെ റക്ഷ്യ പ്രതിസന്ധിയിലായി. കാരണം, റക്ഷ്യ എന്തു സാധനം വാങ്ങിയാലും ഡോളറില്‍ വേണം ഇടപാടുകള്‍ നടത്താന്‍ . ഫണ്ട് ട്രാന്‍സ്ഫര്‍ സ്വിഫ്റ്റ് ബ്ലോക്ക് ചെയ്തതോടെ റക്ഷ്യയുടെ റിസര്‍വ്വിലുള്ള ഡോളര്‍ അനക്കാന്‍ പറ്റാതായി.
ഇത് റക്ഷ്യയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.ഇന്ത്യപോലുള്ള രാജ്യങ്ങളുടെ സഹായത്തോടെയാണ് ഇതിനെ റക്ഷ്യ മറികടന്നത്. ഇന്ത്യയുമായി റക്ഷ്യ വ്യാപാരം ചെയ്യുന്നത് രൂപയിലാണ്. ഡോളറില്ലെങ്കിലും പ്രശ്നമില്ല. റുപേ ട്രേഡിംഗ് കൊണ്ടാണ് അവര്‍ അമേരിക്കന്‍ ഉപരോധത്തെ മറികടന്നത്. ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്ക് എണ്ണ വിറ്റാണ് അവര്‍ പിടിച്ചു നിന്നത്. റക്ഷ്യയുടെ മൊത്തം എണ്ണയുടെ 40 ശതമാനം ഇന്ത്യ വാങ്ങിച്ചു.അമേരിക്ക നടത്തിയ ഇക്കണോമിക് ബ്ലോക്കേഡ് റക്ഷ്യയ്ക്ക് വലിയ പാഠമായി. റക്ഷ്യയോട് അമേരിക്ക കാണിച്ച നിലപാടിന്റെ അപകടം തിരിച്ചറിഞ്ഞ ചൈന ഇനി ഡോളറില്‍ കറന്‍സി സൂക്ഷിയ്ക്കുന്നത് മണ്ടത്തരമാണെന്ന് വിലയിരുത്തി സ്വര്‍ണ്ണത്തിലേക്ക് നിക്ഷേപം മാറ്റി. 2024 മുതല്‍ ചൈന ഡോളര്‍ വിറ്റഴിച്ച് സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങി.2025 ജനുവരിയില്‍ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതു മുതല്‍ വിവിധ രാജ്യങ്ങള്‍ക്ക് അമേരിക്കയിലേക്കുള്ള ഇറക്കു മതിക്ക് പുതിയ താരിഫ് ഏര്‍പ്പെടുത്തി. ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അമേരിക്കയിലേക്കുളള കയറ്റുമതി വലിയ പ്രതിസന്ധിയിലായി. അമേരിക്കന്‍ നിലപാട് കറന്‍സിയുടെ മൂല്യം ദുര്‍ബലപ്പെടുത്തുന്ന സ്ഥിതിവരുമെന്ന് ബോധ്യമായതോടെ ഇനി കറന്‍സി സൂക്ഷിക്കുന്നത് വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താന്‍ കാരണമാകുമെന്ന് മറ്റു ലോകരാജ്യങ്ങള്‍ ഭയപ്പെടാന്‍ തുടങ്ങി. ഇതോടെ അവരും സ്വര്‍ണ്ണത്തിലേക്ക് കുടുതലായി നിക്ഷേപം നടത്താന്‍ ആരംഭിച്ചു. ജൂണ്‍ മാസം ആയപ്പോഴേക്കും സ്വര്‍ണ്ണവില കുതിച്ചുയരാന്‍ തുടങ്ങി. തുടക്കത്തില്‍ സ്വര്‍ണ നിക്ഷേപത്തില്‍ നിന്നും മാറി നിന്നിരുന്ന ഇടിഎഫ് നിക്ഷേപകര്‍ സ്വര്‍ണ്ണ വില ഉയരുന്നത് കണ്ട്്് മാറി ചിന്തിക്കാന്‍ തുടങ്ങി.
സ്വര്‍ണ്ണ നിക്ഷേപം വലിയ സാധ്യതയാണെന്ന് മനസിലാക്കി ഇടിഎഫില്‍ ഇന്‍വെസ്റ്റ് ചെയ്തിരുന്നവര്‍ കമ്പനികളില്‍ ഇന്‍വെസ്റ്റ് ചെയ്യുതിനേക്കാള്‍ ലാഭം സ്വര്‍ണ്ണത്തില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നതാണെന്ന് മനസിലാക്കി കൂട്ടത്തോടെ സ്വര്‍ണ്ണ ഇടിഎഫ് നിക്ഷേപത്തിലേക്ക് തിരിഞ്ഞുവെന്നു മാത്രമല്ല അതിഭയങ്കരമായ രീതിയില്‍ സ്വര്‍ണ്ണത്തില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഗോള്‍ഡ് ഇടിഎഫ് വന്നതോടെ ഇത് എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന വലിയ കുമിളയായി മാറുമെന്ന് സ്വര്‍ണ്ണവ്യാപാരികള്‍ക്ക് ബോധ്യമായി. ഇതോടെ സെപ്തംബര്‍ മുതല്‍ സ്വര്‍ണ്ണവ്യാപാരികള്‍ ജാഗ്രതയോടെയാണ് നിലകൊള്ളുന്നത്. ഇപ്പോള്‍ സ്വര്‍ണ്ണവില താഴാന്‍ തുടങ്ങിയിട്ടുണ്ട്്്. ഗോള്‍ഡ് ഇടിഎഫിന്റെ കൈവിട്ട കളിയെത്തുടര്‍ന്നുണ്ടായ ഭയമാണ് കാരണം. ഇപ്പോള്‍ വിപണിയില്‍ നടക്കുന്നത് പ്രോഫിറ്റ് ടേക്കിംഗ് ആണ്. കൈയ്യില്‍ ഇരിക്കുന്ന സ്വര്‍ണ്ണം വിറ്റ് ലാഭമെടുക്കല്‍. ഇതില്‍ ഒരു വിഭാഗം സാധാരണക്കാരാണ് തങ്ങളുടെ പക്കലുള്ള സ്വര്‍ണ്ണം വില്‍ക്കുന്നത്. സ്വര്‍ണ്ണം വിറ്റ് തങ്ങളുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാനും വീട് അറ്റകുറ്റപ്പണി നടത്താനുമൊക്കെയുള്ള അവസരമായിട്ടാണ് അവര്‍ ഇതിനെ കാണുന്നത്. ഇതിന്റെ ഭാഗമായി വിപണിയിലേക്ക് വലിയ തോതില്‍ സ്വര്ണ്ണമെത്തുകയാണ്. ഇതു മൂലം സ്വര്‍ണ്ണമെടുക്കാന്‍ ആളില്ലാതായിക്കൊണ്ടിരിക്കുകയാണ്. റോള്‍ ചെയ്യാന്‍ വ്യാപാരികളുടെ കൈയ്യില്‍ പണമില്ലാത്ത സ്ഥിതിയുണ്ടാകുന്നുണ്ട്്. കാരണം വാങ്ങിവെയ്ക്കുന്ന സ്വര്‍ണ്ണം വിറ്റാലെ കൈയ്യില്‍ പണം ഉണ്ടാകുകയുള്ളു. പണം വന്നാലേ വീണ്ടും വാങ്ങാന്‍ സാധിക്കു. ഇത് മാര്‍ക്കറ്റില്‍ ചെറിയ വിലയിടിവിന് കാരണമാകുന്നുണ്ട്. ഗോള്‍ഡ് ഇടിഎഫ് നിക്ഷേപം മന്ദഗതിയിലായതോടെ ഇനി സ്വര്‍ണ്ണ വില ഉയരങ്ങളിലേക്ക് പോകാന്‍ പ്രത്യേകിച്ച് കാരണങ്ങളില്ലെന്നാണ് വിലയിരുത്തുന്നത്. താഴോട്ട് എത്രമാത്രം പോകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. പക്ഷേ മറ്റു വസ്തുതകളെല്ലാം പഴയതുപോലെ നില്ക്കുന്നതിനാല് വലിയ തോതിലുള്ള പതനം ഉണ്ടാകില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും ജെയിംസ് ജോസ് വ്യക്തമാക്കി.

