മുംബൈയില്‍ നടന്ന ഇന്ത്യ മാരിടൈം വീക്ക് 2025 ന്റെ ഭാഗമായി, മറൈന്‍ സര്‍വീസസ് ഡിപി വേള്‍ഡിന്റെ ഗ്ലോബല്‍ സിഒഒ ഗണേഷ് രാജ്, സാഗര്‍മാല ഫിനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡ് ഡയറക്ടര്‍ (പ്രോജക്ട്സ്), എസ്. ടി. സെല്‍വം എന്നിവര്‍ തമ്മില്‍ ധാരണാപത്രം കൈമാറി.
കൊച്ചി: ഡിപി വേള്‍ഡ് കമ്പനിയായ യൂണിഫീഡര്‍, ഇന്ത്യയിലുടനീളം വാണിജ്യപരമായി സുസ്ഥിരമായ തീരദേശ, ഹ്രസ്വദൂര ഷിപ്പിംഗ് സേവനങ്ങള്‍ വികസിപ്പിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും സഹകരിക്കുന്നതിനായി തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള ഭാരത സര്‍ക്കാര്‍ സ്ഥാപനമായ സാഗര്‍മാല ഫിനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സ്വകാര്യ മേഖലയിലെ പ്രവര്‍ത്തന വൈദഗ്ധ്യവുമായി പൊതുമേഖലാ ധനസഹായം സംയോജിപ്പിച്ച്, ഹരിതവും കൂടുതല്‍ കാര്യക്ഷമവുമായ തീരദേശ ലോജിസ്റ്റിക്സ് ശക്തിപ്പെടുത്താനും ഇന്ത്യയുടെ സമുദ്രവ്യാപാര രംഗത്തെ പരിവര്‍ത്തനം ത്വരിതപ്പെടുത്താനും ലക്ഷ്യമിടുന്നതാണ് ഈ പങ്കാളിത്തം. റോഡുകളിലെ തിരക്ക് കുറയ്ക്കുക, ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുക, ഗതാഗതം ഡീകാര്‍ബണൈസ് ചെയ്യുക തുടങ്ങിയവ സാധ്യമാക്കുന്ന തീരദേശ ഷിപ്പിംഗ് ഇടനാഴികള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും ധനസഹായം നല്കുന്നതിനുമുള്ള സംയുക്ത നടപടിക്കുള്ള ഒരു ചട്ടക്കൂടിന് ഈ ധാരണാപത്രത്തിലൂടെ രൂപമായി.
കുറഞ്ഞ ചെലവില്‍ ധനസഹായവും ക്രെഡിറ്റ്എന്ഹാന്സ്മെന്റ് സംവിധാനങ്ങളും രൂപപ്പെടുത്തുന്നതിനായി എസ്എം.എഫ്.സി.എല്‍ അതിന്റെ മാരിടൈം ഡെവലപ്മെന്റ് ഫണ്ട് ഉപയോഗിക്കും. അതേസമയം യൂണിഫീഡര്‍ അതിന്റെ പ്രവര്‍ത്തന വൈദഗ്ദ്ധ്യം, മള്‍ട്ടിമോഡല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിജിറ്റല്‍ മികവ് എന്നിവ ഇതിനായി സംഭാവന ചെയ്യും. മുംബൈയില്‍ നടന്ന ഇന്ത്യ മാരിടൈം വീക്ക് 2025 ന്റെ ഭാഗമായി, മറൈന്‍ സര്‍വീസസ് ഡിപി വേള്‍ഡിന്റെ ഗ്ലോബല്‍ സിഒഒ ഗണേഷ് രാജ്, സാഗര്‍മാല ഫിനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡ് ഡയറക്ടര്‍ (പ്രോജക്ട്സ്), എസ്. ടി. സെല്‍വം എന്നിവര്‍ തമ്മില്‍ ധാരണാപത്രം കൈമാറി. പ്രാരംഭ ഘട്ടത്തില്‍, യൂണിഫീഡറും എസ്എംഎഫ്സിഎല്ലും സംയുക്തമായി പ്രവര്‍ത്തന മികവ്, ഷിപ്പിംഗ് ഇടനാഴികള്‍, ഡി.എഫ്.സി സംയോജനം എന്നിവയിലുടനീളമുള്ള ഉപയോഗ മാതൃകകളെ വിലയിരുത്തുകയും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യും. റോഡില്‍ നിന്ന് കടലിലേക്ക് ചരക്ക് മാറ്റുന്നതും, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതും, ഇന്ത്യയുടെ വിതരണ ശൃംഖലകളിലുടനീളം മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതുമായ, വാണിജ്യപരമായി ലാഭകരവും വിപുലീകരിക്കാവുന്നതുമായ, ഒരു മാതൃക സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

