കോഴിക്കോട്: ഔഷധസസ്യ ഗവേഷണത്തിലും സുസ്ഥിര കൃഷിരീതികളിലും പുതിയ ചരിത്രമെഴുതാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് – ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ചും കോഴിക്കോട് ഗവണ്മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സംയുക്ത ഗവേഷണത്തിനും അക്കാദമിക സഹകരണത്തിനുമായി ഐ.ഐ.എസ്.ആര് ഡയറക്ടര്‍ ഡോ. ആര്. ദിനേശും ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മന്‍സൂര്‍ അലിയുമാണ് കരാറില്‍ ഒപ്പുവച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. ബി. റിതേഷ്, ഡോ. ടി. പി. അരുണ്കൃഷ്ണന്, ഡോ. ഇ. ആര്. വിനീത, ഐ.ഐ.എസ്.ആറിലെ ഡോ. ടി. ഇ. ഷീജ, ഡോ. ശ്രീനിവാസന്, ഡോ. ഈശ്വര ഭട്ട് എന്നിവരുള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഔഷധസസ്യങ്ങളുടെ സംരക്ഷണം, ഗുണനിലവാര നിര്‍ണ്ണയം, ഫാര്‍മക്കോഗ്നസി, ഫൈറ്റോകെമിസ്ട്രി, ബയോടെക്നോളജി തുടങ്ങിയ മേഖലകളെ സംയോജിപ്പിച്ച് തെളിവധിഷ്ഠിത ഗവേഷണം ശക്തിപ്പെടുത്തുകയാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യം. കാര്‍ഷിക മേഖലയില്‍ ഹോമിയോപ്പതിയുടെ പ്രായോഗിക സാധ്യതകള്‍ പരിശോധിക്കുന്ന ‘അഗ്രോ-ഹോമിയോപ്പതി’ സങ്കല്പ്പത്തിന് ശാസ്ത്രീയ അടിത്തറയിടാന്‍ ഈ സംരംഭം സഹായിക്കും. കുറഞ്ഞ ചെലവില്‍ പരിസ്ഥിതിസൗഹൃദപരമായ വിളസംരക്ഷണം, വിത്തുമുളയ്ക്കല്‍, വിള ഉല്പ്പാദനവര്ദ്ധനവ്, മണ്ണുസംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള ശേഷി എന്നിവ വര്‍ദ്ധിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കും.
ഇരുസ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കും,അധ്യാപകര്‍ക്കും, ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഈ സഹകരണം ജൈവകൃഷിയിലും കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കൃഷിരീതികളിലും പുതിയ വിപ്ലവം സൃഷ്ടിക്കും. കാര്‍ഷിക ഉല്‍പ്പാദനച്ചെലവ് കുറച്ച്, കര്‍ഷകര്‍ക്ക് പ്രയോജനകരമായ പ്രകൃതിദത്ത പരിഹാരങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുക്കാന്‍ ഈ മുന്നേറ്റം വഴിയൊരുക്കും.

