നാനോ വളങ്ങളുടെ വില്‍പ്പനയില്‍ കമ്പനി 47 ശതമാനം വര്‍ധന നേടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊച്ചി: ആഗോളതലത്തിലെ പ്രമുഖ സഹകരണ സ്ഥാപനമായ ഇഫ്കോ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 3,811 കോടി രൂപയുടെ ലാഭം നേടി. ഇതോടൊപ്പം നാനോ വളങ്ങളുടെ വില്‍പ്പനയില്‍ കമ്പനി 47 ശതമാനം വര്‍ധന നേടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ സമയം 248.95 ലക്ഷം കുപ്പി നാനോ വളങ്ങള്‍ വിറ്റഴിച്ച സ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം വില്പന 365.09 ലക്ഷം കുപ്പികളായി വര്‍ധിച്ചതായി ഇഫ്കോ അറിയിച്ചു. 202425 സാമ്പത്തിക വര്‍ഷത്തില്‍ ഇഫ്കോ 41,244 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി.വിറ്റഴിച്ച 365 ലക്ഷം കുപ്പികളില്‍ 268 ലക്ഷം കുപ്പികള്‍ ഇഫ്കോ നാനോ യൂറിയ പ്ലസ് (ലിക്വിഡ്), 97 ലക്ഷം കുപ്പി ഇഫ്കോ നാനോ ഡിഎപി (ലിക്വിഡ്) എന്നിവയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇഫ്കോ നാനോ യൂറിയ പ്ലസിന്റെ (ലിക്വിഡ്) വില്പന 31 ശതമാനവും ഇഫ്കോ നാനോ ഡിഎപിയുടെ (ലിക്വിഡ്) വില്പന 118 ശതമാനവും വര്‍ധിച്ചു.
ഈ വില്പന അളവ് 12 ലക്ഷം മെട്രിക് ടണ്‍ പരമ്പരാഗത യൂറിയയ്ക്കും 4.85 മെട്രിക് ടണ്‍ പരമ്പരാഗത ഡിഎപിക്കും തുല്യമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
‘സഹകരണത്തിലൂടെ സമൃദ്ധി’ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ ഇഫ്കോയുടെ മികച്ച വളര്‍ച്ചാ കണക്കുകള്‍ രാജ്യത്തെ മുഴുവന്‍ സഹകരണ മേഖലയ്ക്കും അഭിമാനകരമാണെന്ന് ഇഫ്കോ ചെയര്മാന് ദിലീപ് സംഘാനി പറഞ്ഞു. തുടര്‍ച്ചയായ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ സൊസൈറ്റി 3,000 കോടി രൂപയിലധികം ലാഭം നേടിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 23 വര്‍ഷമായി ഇഫ്കോ അംഗങ്ങള്‍ക്ക് ഓഹരി മൂലധനത്തിന് 20 ശതമാനം ലാഭവിഹിതം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാനോ സിങ്ക്, 100 മില്ലി കുപ്പിയില്‍ ദ്രാവക രൂപത്തിലുള്ള നാനോ കോപ്പര്‍, അടിസ്ഥാന അളവില്‍ മണ്ണില്‍ പ്രയോഗിക്കുന്നതിന് ഗ്രാനുലാര്‍ രൂപത്തിലുള്ള നാനോ എന്‍പികെ വളം എന്നിവ ഉടന്‍ പുറത്തിറക്കുമെന്ന് ഇഫ്കോ അറിയിച്ചു.