ശാസ്ത്ര-സാങ്കേതിക-വിദ്യാഭ്യാസ സഹകരണം ചർച്ചയാകും
കൊച്ചി : ഇന്ത്യൻ നാവികസേനയുടെ വാർഷിക അന്താരാഷ്ട്ര തന്ത്രപ്രധാന സമ്മേളനമായ ‘ഇന്തോ-പസഫിക് റീജിയണൽ ഡയലോഗ് 2026’ (IPRD-2026) നവംബർ 3 മുതൽ 5 വരെ ന്യൂഡൽഹിയിൽ നടക്കും. നാഷണൽ മാരിടൈം ഫൗണ്ടേഷനുമായി (NMF) ചേർന്നാണ് നാവികസേന സമ്മേളനം സംഘടിപ്പിക്കുന്നത്. ‘ഇന്തോ-പസഫിക്കിലെ ശാസ്ത്ര, സാങ്കേതിക, അക്കാദമിക് സഹകരണം’ എന്നതാണ് ഈ വർഷത്തെ പ്രമേയം.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച ‘മഹാസാഗർ’ (MAHASAGAR) ദർശനവും ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവും (IPOI) മുൻനിർത്തി പ്രായോഗിക സഹകരണ പദ്ധതികൾ രൂപീകരിക്കാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. 18 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ, ശാസ്ത്രജ്ഞർ, നാവികസേനാ വിദഗ്ദ്ധർ, ഗവേഷകർ എന്നിവർ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.
സമുദ്ര സുരക്ഷ, ക്ലൈമറ്റ് റെസിലിയൻസ്, നിർണായക സമുദ്ര അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ എന്നീ വിഷയങ്ങളിൽ അഞ്ച് പ്രധാന സെഷനുകൾ നടക്കും. ആദ്യദിനത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രത്യേക പ്രസംഗം നടത്തും. ഇന്ത്യയിലെയും ശ്രീലങ്കയിലെയും മുൻ നാവികസേനാ മേധാവികൾ പങ്കെടുക്കുന്ന പ്രത്യേക ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.

