അതിവേഗ വളര്‍ച്ച നേടി ഇന്ത്യന്‍ മൈസ് വ്യവസായം

ശക്തമായ സാമ്പത്തിക വളര്‍ച്ച, ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, സര്‍ക്കാരിന്റെ മികച്ച പിന്തുണ എന്നിവയാണ് മൈസ് വ്യവസായത്തിന്റെ വളര്‍ച്ചക്ക് സംഭാവന നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കൊച്ചി: ഇന്ത്യയുടെ മീറ്റിംഗുകള്‍, ഇന്‍സെന്റീവുകള്‍, കണ്‍വെന്‍ഷനുകള്‍, എക്‌സിബിഷനുകള്‍ (മൈസ്) വ്യവസായം ആഗോള ശക്തികേന്ദ്രമായി അതിവേഗം വളര്‍ച്ച പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. ശക്തമായ സാമ്പത്തിക വളര്‍ച്ച, ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, സര്‍ക്കാരിന്റെ മികച്ച പിന്തുണ എന്നിവയാണ് മൈസ് വ്യവസായത്തിന്റെ വളര്‍ച്ചക്ക് സംഭാവന നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ എക്‌സിബിഷന്‍ ഇന്‍ഡസ്ട്രി അസോസിയേഷന്‍ (ഐഇഐഎ) കേന്ദ്ര ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് ചെന്നൈ ഐടിസി ഗ്രാന്‍ഡ് ചോളയില്‍ സംഘടിപ്പിച്ച സൗത്ത് ഇന്ത്യ തോട്ട് ലീഡേഴ്‌സ് കോണ്‍ഫറന്‍സ് ഇന്ത്യന്‍ ടൂറിസം മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ സുമന്‍ ബില്ല ഉദ്ഘാടനം ചെയ്തു.ഒരു രാജ്യത്തെ മൈസ് മേഖലയെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നതിന് ആഗോള മാതൃകകള്‍ പിന്തുടര്‍ന്ന് നഗരതല കണ്‍വെന്‍ഷന്‍ ബ്യൂറോ സ്ഥാപിക്കേണ്ടതുണ്ടെന്ന് കോണ്‍ഫറന്‍സില്‍ അഭിപ്രായമുയര്‍ന്നു. സംസ്ഥാനങ്ങള്‍ തങ്ങളുടേതായ രീതിയില്‍ ടൂറിസം സാധ്യതകള്‍ തുറന്നിടുകയാണെന്നും ഇപ്പോള്‍ ആഗോള മൈസ് ഭൂപടത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കേണ്ട സമയമായെന്നും സുമന്‍ ബില്ല പറഞ്ഞു.

ഭാരത് മണ്ഡപം, യശോഭൂമി, ജിയോ വേള്‍ഡ് സെന്റര്‍ തുടങ്ങിയ സുപ്രധാന വേദികളിലൂടെയും ഇന്‍ക്രെഡിബിള്‍ ഇന്ത്യ കാംപെയ്‌ന് കീഴില്‍ മൈസിന് മുന്‍ഗണന നല്‍കുന്നതിലൂടെയും, കുറഞ്ഞത് 10 ഇന്ത്യന്‍ നഗരങ്ങളെയെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച മൈസ് കേന്ദ്രങ്ങളായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നുതായും അദ്ദേഹം വ്യക്താക്കി.രാജ്യത്ത് സമ്മേളനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള കേരളത്തില്‍ മൈസ് ടൂറിസത്തിന് വലിയ സാധ്യതകളുണ്ടെന്ന് കേരള ടൂറിസം ഡയറക്ടറും കേരള ടൂറിസം മാനേജിംഗ് ഡയറക്ടറുമായ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. മൈസ് ടൂറിസത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായ ഉയര്‍ന്ന നിലവാരമുള്ള മൈസ് പരിപാടികള്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തിന് സ്വന്തമായി മൈസ് ടൂറിസം നയം ഉടന്‍ തന്നെ ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. ഐഇഐഎയുടെ ദക്ഷിണ മേഖലാ ചെയര്‍പേഴ്‌സണ്‍ ശ്രീകാന്ത് ടിജി, കര്‍ണാടക ടൂറിസം വകുപ്പ് കമ്മീഷണര്‍ ഡോ. രാജേന്ദ്ര കെവി, ആന്ധ്രാപ്രദേശ് ടൂറിസം വികസനം, കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ അമരപാലി കട്ട, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ടൂറിസം സെക്രട്ടറി ജ്യോതി കുമാരി, ഹൈദരാബാദ് കണ്‍വെന്‍ഷന്‍ വിസിറ്റേഴ്‌സ് ബ്യൂറോ സിഇഒ ഗാരി ഖാന്‍, ജിഎംബിഎച്ച് ജെഡബ്ല്യുസി ഡയറക്ടര്‍ വിജയ് ശര്‍മ്മ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു