ഹൃദ്രോഗികള്‍ക്ക് സൗജന്യ
ശസ്ത്രക്രിയ; ഇന്ദിരാഗാന്ധി
സഹകരണ ആശുപത്രിയും
ചിക്കിംഗ് ഹാര്‍ട്ട്
കെയറും ധാരണാ പത്രം കൈമാറി

ഒരു മനുഷ്യന്റെ പക്കല്‍ കോടിക്കണക്കിന് രൂപയുണ്ടെങ്കിലും അത് സന്തോഷം നല്‍കില്ലെന്നും മറിച്ച് ഈ ധനം മറ്റുള്ളവര്‍ക്ക് സഹായമായി മാറുമ്പോഴാണ് അവന്റെ ജീവിതം സന്തോഷത്താല്‍ നിറയുന്നതെന്നും ജസ്റ്റിസ് പി. ഗോപിനാഥ് മേനോന്‍ പറഞ്ഞു.

 

കൊച്ചി : എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ചിക്കിംഗ് ഹാര്‍ട്ട് കെയറുമായി സഹകരിച്ച് 100 ഹൃദ്രോഗികള്‍ക്ക് സൗജ്യനമായി ഹൃദയശസ്ത്രക്രിയയും തുടര്‍ ചികില്‍സയും ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി. ഇന്ദിരാഗാന്ധി ആശുപത്രി അങ്കണത്തില്‍ നടന്ന സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഗോപിനാഥ് മേനോന്‍ ഉദ്ഘാടനം ചെയ്തു.ഒരു മനുഷ്യന്റെ പക്കല്‍ കോടിക്കണക്കിന് രൂപയുണ്ടെങ്കിലും അത് സന്തോഷം നല്‍കില്ലെന്നും മറിച്ച് ഈ ധനം മറ്റുള്ളവര്‍ക്ക് സഹായമായി മാറുമ്പോഴാണ് അവന്റെ ജീവിതം സന്തോഷത്താല്‍ നിറയുന്നതെന്നും ജസ്റ്റിസ് പി. ഗോപിനാഥ് മേനോന്‍ പറഞ്ഞു.

ഡോക്ടര്‍മാരുടെ ജോലി ദൈവതുല്യമാണെന്നതില്‍ സംശയമില്ല. അതുപോലെ തന്നെ പ്രധാനമാണ് ചികില്‍സിക്കാന്‍ പണമില്ലാതെ കഷ്ടതയനുഭവിക്കുന്ന നിര്‍ധനരായ രോഗികളെ സാമ്പത്തികമായി സഹായിക്കുന്നതും. ഇതിലും മഹത്തായ മറ്റൊന്നില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ജസ്റ്റിസ് പി. ഗോപിനാഥ് മേനോന്‍ പറഞ്ഞു. ആശുപത്രി ഭരണസമിതി പ്രസിഡന്റ് എം.ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. സൗജന്യ ഹൃദയശസ്ത്രക്രിയ പദ്ധതിയുടെയും തുടര്‍ ചികില്‍സയുടെയും ധാരണാ പത്രം ചിക്കിംഗ് (മാന്‍സൂര്‍ ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) മാനേജിംഗ് ഡയക്ടര്‍ എ.കെ മന്‍സൂര്‍ ആശുപത്രി ഭരണ സമിതി സെക്രട്ടറി അജയ് തറയിലിന് ചടങ്ങില്‍ കൈമാറി.

ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ദരായ ഡോ. ജോര്‍ജ് ജെ.വാളൂരാന്‍, ഡോ. ജിയോ പോള്‍.സി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ആശുപത്രി വൈസ് പ്രസിഡന്റ് അഡ്വ.ബി.എ അബ്ദുള്‍ മുത്തലിബ്, ഡയറക്ടര്‍മാരായ അഗസ്റ്റസ് സിറിള്‍, പി.വി അഷ്‌റഫ്, ആലപ്പാട്ട് മുരളീധരന്‍, ഡോ.ഹസീന മുഹമ്മദ്, ഇക്ബാല്‍ വലിയവീട്ടില്‍, ഇന്ദിരാബായി പ്രസാദ്, എന്‍.എ അബ്രാഹം, പി.ഡി അശോകന്‍, കെ.പി വിജയ കുമാര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.എസ് സച്ചിദാനന്ദ കമ്മത്ത്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരായ ഫൈസല്‍ ബഫാക്കി തങ്ങള്‍, ജി.മാധവന്‍ കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Spread the love