ജോയ്ആലുക്കാസും എമിറേറ്റ്‌സ് എന്‍ബിഡിയും കൈകോര്‍ക്കുന്നു

യുഎഇയ്ക്ക് പുറമെ യുകെ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ വ്യാപാരം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കരാര്‍.
കൊച്ചി: ആഗോള സ്വര്‍ണാഭരണ റീട്ടെയില്‍ രംഗത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസും യുഎയിലെ പ്രമുഖ ബാങ്കിങ് സ്ഥാപനമായ എമിറേറ്റ്‌സ് എന്‍ബിഡിയും തമ്മില്‍ 500 ദശലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 1180 കോടി രൂപ) മൂലധന നിക്ഷേപ കരാറിലെത്തി. യുഎഇയ്ക്ക് പുറമെ യുകെ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ വ്യാപാരം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കരാര്‍. ഇതുപ്രകാരം, രാജ്യങ്ങളില്‍ പുതിയ ഷോറൂമുകള്‍ തുറക്കുന്നതിനും സ്വര്‍ണാഭരണ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും എമിറേറ്റ്‌സ് എന്‍ബിഡി ധനസഹായം നല്‍കും. ആവശ്യമുള്ള ഘട്ടങ്ങളില്‍ മാത്രം പിന്‍വലിക്കാവുന്നതും തിരിച്ചടവ് നടത്താവുന്നതുമായ ‘റിവോള്‍വിങ്’ രീതിയിലാണ് കരാര്‍.
യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി, സ്വര്‍ണാഭരണ രംഗത്തെ അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപാരം വിപുലീകരിക്കുന്നതിനുള്ള തന്ത്രപ്രധാന കരാറാണ് എമിറേറ്റ്‌സ് എന്‍ബിഡിയുമായി നടത്തുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.

ആഗോള സ്വര്‍ണാഭരണ റീട്ടെയില്‍ വിപണി ലക്ഷ്യമിട്ട് ജോയ്ആലുക്കാസ് ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കൂടി അടിസ്ഥാനപ്പെടുത്തിയാണ് എമിറേറ്റ്‌സ് എന്‍ബിഡി ഇങ്ങനെയൊരു കരാറിലെത്തിയത്. ആഭരണ റീട്ടെയില്‍ രംഗത്ത് പുതിയൊരു മാതൃക തീര്‍ക്കുന്ന പരസ്പര സഹകരണം സാധ്യമാക്കിയ എമിറേറ്റ്‌സ് എന്‍ബിഡി അധികൃതര്‍ക്ക് കൃതജ്ഞത അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആഗോള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അവരുടെ ആവശ്യാനുസരണം ധനസഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ജോയ്ആലുക്കാസുമായി കരാറിലെത്തിയതെന്ന് എമിറേറ്റ്‌സ് എന്‍ബിഡി ഹോള്‍സെയില്‍ ബാങ്കിങ് ഗ്രൂപ്പ് മേധാവി അഹമ്മദ് അല്‍ ഖാസിം പറഞ്ഞു. എമിറേറ്റ്‌സ് എന്‍ബിഡിയുടെ ഉപഭോക്തൃ കേന്ദ്രീകൃത വായ്പാ നടപടികള്‍ വ്യകതികളെയും സ്ഥാപനങ്ങളെയും ശാക്തീകരിക്കുന്നതോടൊപ്പം യുഎഇയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എമിറേറ്റ്‌സ് എന്‍ബിഡിയുടെ ആധുനിക ഡിജിറ്റല്‍, ട്രേഡ് പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ഇടപാടുകള്‍ നടക്കുക. ഇടപാടുകള്‍ സംബന്ധിച്ച തത്സമയ വിവരങ്ങളും പുരോഗതിയും ജോയ്ആലുക്കാസിന് ലഭ്യമാകും. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനോടൊപ്പം ആഗോള നിലവാരത്തിലുള്ള ജ്വല്ലറി വ്യാപാരം ശക്തിപ്പെടുത്താനും കരാറിലൂടെ സാധിക്കുമെന്നും ജോയ്ആലുക്കാസ് ഗ്രൂപ്പ് അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു