കായലുകളും പുഴകളും ഉള്‍പ്പെടെയുള്ളവ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ കേരളത്തിന്റെ ടൂറിസം പൂജ്യമായിരിക്കും.
കൊച്ചി: ടൈ കേരളയുടെ നേതൃത്വത്തില്‍ വിഷന്‍ കേരള പാനലിന്റെ ഭാഗമായി അണ്‍ലോക്കിംഗ് കേരള വാട്ടര്‍വേയ്സ് പരിപാടി സംഘടിപ്പിച്ചു. കേരളത്തിന് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന ടൂറിസം, ഗതാഗതം മേഖലയിലെ നവീകരണം ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്. കേരളത്തിന്റെ ജലസമൃദ്ധി കൂടുതല്‍ ഉപയോഗിക്കപ്പെടണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കായലുകളും പുഴകളും ഉള്‍പ്പെടെയുള്ളവ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ കേരളത്തിന്റെ ടൂറിസം പൂജ്യമായിരിക്കും. ടൂറിസത്തോടൊപ്പം ചരക്ക് ഗതാഗതം കൂടി ജലമാര്‍ഗ്ഗം നിര്‍വ്വഹിക്കപ്പെടേണ്ടതുണ്ട്. 2018ലെ വെള്ളപ്പൊക്കവും കോവിഡും ആളുകളുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും കൂടുതല്‍ പേര് യാത്ര ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പ്രകൃതിപരമായി കേരളത്തിന്റെ കിടപ്പ് ജലടൂറിസത്തിനും ജലഗതാഗതത്തിനും അനുയോജ്യമാണ്.
കായലുകളും പുഴകളും വൃത്തിയായി സൂക്ഷിക്കുകയും വല, കയര്‍ താങ്ങിയവ ജലയാനങ്ങളുടെ യാത്രയ്ക്ക് വിഘ്നം വരുത്താതെ നോക്കണമെന്നും ചര്‍ച്ച ചൂണ്ടിക്കാട്ടി. ജലം മലിനമാകുന്നത് കാര്‍ഷിക വിളകളേയും ബാധിക്കും. വാട്ടര്‍ മെട്രോയെ ടൂറിസവുമായി ബന്ധപ്പെടുത്തിയാല്‍ വലിയ സാധ്യതകളാണ് മുമ്പിലുള്ളത്. എറണാകുളത്തെ ദ്വീപുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനും ജലഗതാഗതം സഹായിക്കും. ജലഗതാഗതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങളുണ്ടാകണമെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു. എറണാകുളം അവന്യൂ റിജന്റില് നടന്ന പരിപാടിയില്‍ ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, കൊച്ചി വാട്ടര്‍ മെട്രോ പ്രൈവറ്റ് ലിമിറ്റഡ് സി ഒ ഒ സാജന് പി ജോണ്‍, സി ജി എച്ച് എര്‍ത്ത് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക്, സ്പൈസ് റൂട്ട് ലക്ഷ്വറി ഹൗസ് ക്രൂയിസസ് പാര്‍ട്ണര്‍ ജോബിന് ജോസഫ് അക്കരകളം, നവ്ആള്‍ട്ട് സ്ഥാപകനും സി ഇ ഒയുമായ സന്ദിത് തണ്ടാശ്ശേരി, ജെല്ലിഫിഷ് വാട്ടര്‍സ്പോര്‍ട്സ് സ്ഥാപകന്‍ കൗഷിഖ് കെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആനന്ദമണി കണ്‍സള്‍ട്ടന്‍സി മാനേജിംഗ് പാര്‍ട്ണര്‍ ആനന്ദമണി കെ മോഡറേറ്ററായിരുന്നു.

