അമേരിക്കയുടെ താരിഫ് യുദ്ധം : രാജ്യം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് സാബു എം.ജേക്കബ്

കിറ്റെക്‌സിന്റെ ‘ലിറ്റില്‍ സ്റ്റാര്‍’ ഇന്ത്യന്‍ വിപണിയിലേയ്ക്ക്; ലക്ഷ്യം 1000 കോടിയുടെ അധിക വരുമാനം
കൊച്ചി : അമേരിക്കയുടെ താരിഫ് യുദ്ധം രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്നും രാജ്യതാല്‍പര്യം മുന്‍നിറുത്തി പ്രധാനമന്ത്രി എടുക്കുന്ന ഏത് തീരുമാനത്തെയും കക്ഷിരാഷ്ട്രീയ ഭേതമന്യേ പിന്തുണയ്ക്കണമെന്നും കിറ്റെക്‌സ് മാനേജിംഗ് ഡയറക്ടര്‍ സാബു എം.ജേക്കബ്. കിറ്റെക്‌സ് ഗാര്‍മെന്‍സ് ഉല്‍പ്പാദിപ്പിക്കുന്ന വസ്ത്രങ്ങളുടെ 91 ശതമാനവും വിറ്റഴിക്കുന്നത് അമേരിക്കയിലാണ്. ഇന്ത്യയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള അമേരിക്കന്‍ ഭരണാധികാരിയുടെ ശ്രമത്തിനു മുന്നില്‍ രാജ്യം കീഴടങ്ങേണ്ടതില്ല. ഇന്ത്യയില്‍ നിന്നുള്ള മൊത്തം കയറ്റുമതി 87 ബില്ല്യന്‍ ഡോളറിന്റേതാണ്. അമേരിക്കന്‍ വിപണിയിലെ അനിശ്ചിതത്വം എപ്പോള്‍ മാറുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ല.തന്‍മൂലം കിറ്റെക്‌സിന്റെ ഉത്പാദനത്തെ ബാധിക്കാതിരിക്കാന്‍  കിറ്റെക്‌സ് കഴിഞ്ഞവര്‍ഷം മുതല്‍ യൂറോപ്പിലേയ്ക്ക് ആരംഭിച്ച കയറ്റുമതി അളവ് കൂട്ടും. ഒപ്പം തീരുവയില്ലാതെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബ്രിട്ടനിലേയ്ക്ക് കയറ്റുമതി ഇപ്പോള്‍ സാധ്യമാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തും. കൂടാതെ യുഎസില്‍ വളരെ പ്രചാരത്തിലുള്ള കിറ്റെക്‌സ് ഗാര്‍മെന്‍സിന്റെ സ്വന്തം ബ്രാന്‍ഡായ ‘ലിറ്റില്‍ സ്റ്റാര്‍’ നെ ഉടനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.  ഇതിലൂടെ അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ അധിക വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ലിറ്റില്‍ സ്റ്റാറിന്റെ കടന്നുവരവോടെ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മികച്ചത് വേണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും അന്താരാഷ്ട്ര ഗുണനിലവാരവും, സുരക്ഷിതവും, ഫാഷനും ഒത്തിണങ്ങിയ വസ്ത്രങ്ങള്‍ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാകുമെന്ന് കിറ്റെക്‌സ് ഗാര്‍മെന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സാബു എം.ജേക്കബ് പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ കൂടി തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിലൂടെ യു.എസിലേയ്ക്കുള്ള കയറ്റുമതിക്ക് ഉയര്‍ന്ന തീരുവമൂലം സംഭവിക്കാവുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ സാധിക്കുമെന്നും സാബു ജേക്കബ് അഭിപ്രായപ്പെട്ടു. ഇതിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കളുടെയും, നിക്ഷേപകരുടെയും താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടും. ഇന്ത്യയിലെ ശിശുകുട്ടികളുടെ വസ്ത്ര വിപണി 2030 ആകുമ്പോഴേക്കും ഏകദേശം 1.46 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. യു.എസിലെ ജനന നിരക്കിന്റെ ആറ് ഇരട്ടിയാണ് ഇന്ത്യയിലെ ജനന നിരക്ക്. ഏകദേശം 24 ദശലക്ഷമാണ് ഇന്ത്യയിലെ ജനന നിരക്ക്. മാറിയ സാഹചര്യത്തില്‍ ഇന്ത്യയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ചില്ലറ വില്‍പന മേഖലയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അതിവേഗം നിറവേറ്റാനും ഡിജിറ്റല്‍ ചാനലുകളുടെ പങ്ക് നിര്‍ണായകമാണ്. ഇത് പ്രയോജനപ്പെടുത്താന്‍ ലിറ്റില്‍ സ്റ്റാറിനെ ഒന്നിലധികം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ അവതരിപ്പിക്കും. ഇ-കൊമേഴ്‌സ് വഴി പ്രധാന നഗരങ്ങളിലും  തുടര്‍ന്ന് റീട്ടെയില്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി രാജ്യമെമ്പാടും ശ്രംഖല വിപുലപ്പെടുത്തും. യു.എസിലെ ഏറ്റവും പ്രചാരമുള്ള കിറ്റെക്‌സിന്റെ സ്വന്തം ബ്രാന്‍ഡായ ലിറ്റില്‍ സ്റ്റാറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിലൂടെ രാജ്യാന്തര തലത്തില്‍ പാലിക്കപ്പെടുന്ന ഉന്നത ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ രാജ്യത്തെ നവജാത ശിശുക്കള്‍ക്കും, കൊച്ചുകുട്ടികള്‍ക്കും കൂടി അനായാസം ലഭ്യമാകുന്നതിനുള്ള അവസരം കൂടിയാണിതെന്നും സാബു ജേക്കബ് അഭിപ്രായപ്പെട്ടു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു