ആന്റി മൈക്രോബിയല്‍ വിഷയങ്ങള്‍ ഗൗരവപഠനങ്ങള്‍ക്ക് വിധേയമാക്കണം: ഡോ.മുഹമ്മദ് ഹത അബ്ദുള്ള

കോടിക്കണക്കിന് രൂപയാണ് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ലോക രാഷ്ട്രങ്ങള്‍ ചെലവഴിക്കുന്നത്
കൊച്ചി: ആന്റി മൈക്രോബിയല്‍ വിഷയങ്ങള്‍ ഗൗരവതരമായ പഠനങ്ങള്‍ക്ക് വിധേയമാക്കണമെന്ന് കുസാറ്റ് മൈക്രോബയോളജി, മറൈന്‍ ബയോളജി, ബയോകെമിസ്ട്രി വിഭാഗം മേധാവി പ്രൊഫ. ഡോ. മുഹമ്മദ് ഹത അബ്ദുള്ള പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) ലീഡര്‍ ഇന്‍സൈറ്റ് പ്രഭാഷണ പരമ്പരയുടെ ഭാഗമായി സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മൃഗങ്ങളെയും പക്ഷികളെയും സസൂക്ഷ്മം നിരീക്ഷിച്ചാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ മനസിലാക്കാന്‍ കഴിയും.

കാലാവസ്ഥാ വ്യതിയാനം യാഥാര്‍ഥ്യമാണെന്ന് അംഗീകരിച്ചേ മതിയാകൂ എന്ന് അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് രൂപയാണ് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ലോക രാഷ്ട്രങ്ങള്‍ ചെലവഴിക്കുന്നത്. മണ്‍സൂണും രാജ്യത്തിന്റെ വാണിജ്യ, വ്യവസായ മേഖലയും പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണ്. ചെറിയ ദ്വീപുകള്‍ അപ്രത്യക്ഷമാകുന്ന പ്രതിഭാസം നിസാരമായി കാണാനാകില്ല. സമുദ്രത്തിലെ ചൂട് കൂടുന്നത് ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആര്‍ക്ടിക്, അന്റാര്‍ട്ടിക് മേഖലയില്‍ ഐസ് ഉരുകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഉത്തരാഖണ്ഡില്‍ അടുത്തിടെ ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിത ഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
കെ എം എ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അല്‍ജിയേഴ്‌സ് ഖാലിദ്,ഓണററി സെക്രട്ടറി ഡോ.അനില്‍ ജോസഫ് സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു