കെഎംഎ വിമെന്‍ മാനേജേഴ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു
കൊച്ചി: രാജ്യത്ത് എല്ലാ മേഖലകളിലും വനിതകള്‍ കടന്ന് വന്നിട്ടുണ്ടെങ്കിലും നേതൃ സ്ഥാനങ്ങളിലുള്ള വനിതകളുടെ എണ്ണം ഇന്നും വളരെ കുറവാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കേരള മേധാവി ഗീതിക വര്‍മ്മ. വനിതകള്‍ക്ക് കഴിവ് ഇല്ലാത്തതിനാലോ ആവശ്യത്തിന് വനിതകളെ ലഭ്യമല്ലാത്തതിനാലോ അല്ല വനിതാ സൗഹൃദ സംവിധാനത്തിന്റെയും നിസഹകരണത്തിന്റെയും ഫലമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) സംഘടിപ്പിച്ച വിമെന്‍ മാനേജേഴ്‌സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗീതിക. വനിതകളെ പ്രോത്സാഹിപ്പിക്കാനും ആത്മവിശ്വാസം വാളര്‍ത്തുന്നതിനുമായി കൂടുതല്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണം. വനിതാ സൗഹൃദ തൊഴില്‍ നയങ്ങള്‍ അനിവാര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വനിതകള്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സ്വയം മുന്നോട്ട് വരണം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ വനിതാ ശാക്തീകരണം പറയുക മാത്രമല്ല പ്രവര്‍ത്തിയില്‍ തന്നെ തെളിയിച്ചിട്ടുണ്ട്. നേതൃഗുണം എന്നത് അവസരങ്ങള്‍ക്കായി കാത്തിരിക്കലല്ല. വനിതകള്‍ പരമാവധി യോഗങ്ങളില്‍ പങ്കെടുക്കുകയും ശബ്ദമുയര്‍ത്തുകയും വേണം.കോര്‍പ്പറേറ്റ് ലോകത്തിനു കൂടുതല്‍ വനിതകളെ കൂടുതലായി ആവശ്യമുണ്ട്. വനിത എന്നത് ഒരിടത്തും ഒന്നിനും തടസ്സമാകാന്‍ പാടില്ലെന്നും ഗീതിക വര്‍മ്മ പറഞ്ഞു.പുരുഷാധിപത്യമുല്ല സമൂഹത്തില്‍ സ്ത്രീയായി ജീവിക്കേണ്ടി വരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ചലച്ചിത്ര താരം ശ്രുതി രാമചന്ദ്രന്‍ പറഞ്ഞു.
വനിതകള്‍ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ല എന്നൊരു മിഥ്യാധാരണ പൊതുവേയുണ്ട്. എന്നാല്‍ പരസ്യങ്ങളുടെ തൊണ്ണൂറു ശതമാനവും വനിതകളെ ടാര്‍ഗറ്റ് ചെയ്തിട്ടുള്ളതാണ്. എന്നാല്‍ വനിതകളുടെ തീരുമാനങ്ങള്‍ വളരെ ചെറുതായാണ് സമൂഹം കാണുന്നതെന്നും ശ്രുതി പറഞ്ഞു. മറ്റുള്ളവര്‍ നമ്മെ കേള്‍ക്കുന്നതിനായി കാത്തിരിക്കുന്നതിനേക്കാള്‍ നല്ലത് നമ്മെ തന്നെ കേള്‍ക്കാന്‍ ശ്രമിക്കുന്നതാണെന്നും ശ്രുതി പറഞ്ഞു.കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. വിമെന്‍ മാനേജേഴ്‌സ് കോണ്‍ക്ലേവ് ചെയര്‍ ലേഖാ ബാലചന്ദ്രന്‍ സ്വാഗതവും കെഎംഎ ട്രഷറര്‍ ദിലീപ് നാരായണന്‍ നന്ദിയും പറഞ്ഞു.
ഷീന സുരേഷ് (എന്‍ ഐ ടി സൂറത്കല്‍), ജയനി ബെനെയിം (ഇ ഡി ആന്‍ഡ് ചെയര്‍പേഴ്‌സണ്‍ ബെനെയിംസ് ഗ്രൂപ്പ്), സൂസന്‍ എബ്രഹാം (ഇന്‍ഫഌവന്‍സര്‍), ക്രിസ്റ്റല്‍ ഹര്‍ട്ട് സിംഗ് (സഹസ്ഥാപക, മാനേജിംഗ് ട്രസ്റ്റി ദില്‍ സെ), അനീറ്റ കാട്ടൂക്കാരന്‍ (ഫൗണ്ടര്‍ ആന്‍ഡ് സിഇഒ, റോബോകിഡ്‌സ്) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി.
ആക്‌സിലറേറ്റ് എംപവറിങ് വിമെന്‍ ഇന്‍ ഫിന്‍ടെക് എന്ന പാനല്‍ ചര്‍ച്ചയില്‍ എസ് സി എം എസ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ഇന്ദു നായര്‍ മോഡറേറ്ററായി. നിത്യ വാസുദേവന്‍, നിമിഷ വടക്കന്‍, ശാലിനി സി ബാബു എന്നിവര്‍ പങ്കെടുത്തു. നെക്സ്റ്റ് ജെന്‍ ലീഡേഴ്‌സ് പേവിങ് ദി വേ എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ എസ് സി എം എസ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. രാധ തേവന്നൂര്‍ മോഡറേറ്ററായിരുന്നു. ആരതി വര്‍മ്മ, തേജസ്വി ലാവ, സ്‌നേഹ ജിസ് കൊട്ടുകാപ്പിള്ളി, മറിയം ഹഫീസ് എന്നിവര്‍ പങ്കെടുത്തു.