പല രാജ്യങ്ങള്‍ക്കെതിരെയും ട്രംപ് തീരുവ ചുമത്തിയെങ്കിലും ആത്യന്തികമായി അത് യു എസ് സാമ്പത്തിക വ്യവസ്ഥയെയാണ് ബാധിക്കുകയെന്നും ഗൗരംഗ് എച്ച്. ഷാ പറഞ്ഞു.
കൊച്ചി: വാള് സ്ട്രീറ്റ് എന്നത് ചരിത്രവും ദലാല്‍ സ്ട്രീറ്റ് ഭാവിയുമാണെന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗൗരംഗ് എച്ച് . ഷാ പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന്റെ ഇന്‍സൈറ്റ് എക്സില്‍ ‘വാള് സ്ട്രീറ്റില്‍ നിന്ന് ദലാല്‍ സ്ട്രീറ്റിലേക്ക്: അസ്ഥിരമായ യു എസ് നയചക്രത്തില് ഉയര്‍ന്നുവരുന്ന വിപണി അവസരങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ കമ്പോളം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും നോട്ട് നിരോധനവും കോവിഡും ഉള്‍പ്പെടെയുള്ളവ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് പ്രതിസന്ധികളുണ്ടാക്കിയിട്ടുണ്ടെങ്കിലും പിന്നീട് കുതിക്കാനുള്ള വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ പുതിയ തീരുവ നയങ്ങള്‍ ഇന്ത്യക്കു മുമ്പില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും വളരെ പക്വതയോടെയാണ് രാജ്യത്തിന്റെ പ്രതികരണമുണ്ടായത്. ഇന്ത്യയേയും ചൈനയേയും ‘തകര്‍ന്ന സമ്പദ് വ്യവസ്ഥ’ എന്നാണ് ട്രംപ് ആക്ഷേപിച്ചതെങ്കിലും നിരവധി അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് വരാന്‍ കാത്തിരിക്കുകയാണ്. പല രാജ്യങ്ങള്‍ക്കെതിരെയും ട്രംപ് തീരുവ ചുമത്തിയെങ്കിലും ആത്യന്തികമായി അത് യു എസ് സാമ്പത്തിക വ്യവസ്ഥയെയാണ് ബാധിക്കുകയെന്നും ഗൗരംഗ് എച്ച്.ഷാ പറഞ്ഞു. അമേരിക്കയുടെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ മേഖലകളെ തീരുവ നയം സ്വാധീനിക്കും.യുഎസ് ഡോളറിന് ബദലായി ഉപയോഗിക്കാന്‍ ലോകം കറന്‍സി അന്വേഷിക്കുന്നുണ്ട്. ബ്രിക്സ് രാജ്യങ്ങള്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ ഡോളറിനെയാണ് ബ്രിക്സിന്റെ ലോക കറന്‍സി ചിന്ത ബാധിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക രംഗം ഉയരാന്‍ ഇന്ത്യയില്‍ നിരവധി നിക്ഷേപ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഗൗരംഗ് എച്ച്. ഷാ പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന് വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയറുമായ ദിലീപ് നാരായാണന്, ട്രഷറര്‍ ഡോ. അനില്‍ ജോസഫ് പ്രസംഗിച്ചു.

