സമൃദ്ധി @ കൊച്ചി ഇനി ഫോര്‍ട്ടു കൊച്ചിയിലും 

സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്നതിനൊപ്പം ആഭ്യന്തര, വിദേശ സഞ്ചാരികളെക്കൂടി ലക്ഷ്യമിട്ടാകും , കൊച്ചി സമൃദ്ധിയുടെ പ്രവര്‍ത്തനം. 20 രൂപയ്ക്കുള്ള സമൃദ്ധി ഊണ് ഇവിടെ നല്‍കും.
കൊച്ചി: കൊച്ചി നഗരസഭയുടെ  നേതൃത്വത്തിലുള്ള  സമൃദ്ധി ഹോട്ടലിന്റെ നാലാമത്തെ സ്ഥാപനം ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിച്ചു. ഫോര്‍ട്ട് കൊച്ചി റോ റോ ജെട്ടിയോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പുതിയ സമൃദ്ധിയുടെ പ്രവര്‍ത്തനം തുടങ്ങിയത്. കൊച്ചി എം.എല്‍.എ കെ. ജെ മാക്‌സി ഉദ്ഘാടനം ചെയ്തു.കൊച്ചി നഗരത്തില്‍ നോര്‍ത്ത് പരമാര റോഡില്‍ ആരംഭിച്ച സമൃദ്ധി@കൊച്ചി രാജ്യശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജിസിഡിഎ , ഷിപ്പ് യാര്‍ഡ്, റെയില്‍വേ തുടങ്ങിയ സ്ഥാപനങ്ങളിലും സമൃദ്ധിയുടെ പ്രവര്‍ത്തനം ഇതിനോടകം തുടങ്ങിയിരുന്നു . മിതമായ വിലയ്ക്ക് മികച്ച ഭക്ഷണം നല്‍കുന്ന മാതൃകാസംരംഭം ഇപ്പോള്‍ ഫോര്‍ട്ട് കൊച്ചിയിലും  തുടങ്ങുകയാണെന്ന് കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പറഞ്ഞു. 2021 ഒക്ടോബറില്‍ പ്രവര്‍ത്തനമാരംഭിച്ച സമൃദ്ധി, നാല് വര്‍ഷം പിന്നിടുമ്പോള്‍ , നാലാമത്തെ സ്ഥാപനം തുറന്നു എന്നുള്ളത് അഭിമാനാര്‍ഹമായ കാര്യമാണ് .

സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്നതിനൊപ്പം ആഭ്യന്തര, വിദേശ സഞ്ചാരികളെക്കൂടി ലക്ഷ്യമിട്ടാകും , കൊച്ചി സമൃദ്ധിയുടെ പ്രവര്‍ത്തനം. 20 രൂപയ്ക്കുള്ള സമൃദ്ധി ഊണ് ഇവിടെ നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റുവിഭവങ്ങളും ലഭ്യമാക്കും. കൊച്ചി നിവാസികള്‍ക്ക് രുചിയേറിയ ഭക്ഷണം , കുറഞ്ഞ നിരക്കില്‍ നല്‍കുന്നതിനൊപ്പം, വനിതകള്‍ക്ക് തൊഴിലവസരം പ്രദാനം ചെയ്യുന്നതിനും പുതിയ സ്ഥാപനത്തിന് കഴിയും. 14 കുടുംബശ്രീ വനിതകളുമായി തുടങ്ങിയ സ്ഥാപനത്തില്‍ ഇന്ന് ഇരുന്നൂറിലധികം പേര്‍ ജോലി ചെയ്യുന്നുണ്ട്. പരമാര റോഡിലെ സമൃദ്ധിയില്‍ തയ്യാറാക്കുന്ന ഭക്ഷണം ഫോര്‍ട്ട് കൊച്ചിയില്‍ എത്തിച്ച് വിതരണം ചെയ്യാനാണ് നിലവില്‍ ഉദ്ദേശിക്കുന്നത്. പിന്നീട് ഫോര്‍ട്ട് കൊച്ചിയില്‍ത്തന്നെ പാചകം ആരംഭിക്കും. ജീവനക്കാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കി. പൈതൃകനഗരവും പ്രധാന വിനോദസഞ്ചാരകേന്ദ്രവും വിവിധ ഭക്ഷ്യ സംസ്‌കാരങ്ങളുടെ സംഗമഭൂമിയുമായ  ഫോര്‍ട്ട് കൊച്ചിയില്‍ , ഇനി , കാഴ്ചകള്‍, ആസ്വദിച്ച് രുചികരമായ ഭക്ഷണം കഴിക്കാമെന്നും മേയര്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു