കൊച്ചിമുസിരിസ് ബിനാലെയുടെ  ആറാം ലക്കത്തിന് ഇന്ന് തുടക്കം

വൈകിട്ട് 5.30 ന് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ബിനാലെയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെയും ദക്ഷിണേഷ്യയിലെ ഏറ്റവും വലുതുമായ സമകാലിക കലാമേളയായ കൊച്ചിമുസിരിസ് ബിനാലെയുടെ ആറാം ലക്കത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 5.30 ന് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ബിനാലെയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുന്നതെന്ന്  കെബിഎഫ് ചെയര്‍പേഴ്‌സണ്‍ ഡോ. വേണു വി, കെഎംബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കെബിഎഫ് ട്രസ്റ്റ് അംഗങ്ങളായ ബോണി തോമസ്, മറിയം റാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍  അറിയിച്ചു. നിഖില്‍ ചോപ്രയും എച്ച് എച്ച് ആര്‍ട്ട് സ്‌പേസസും ചേര്‍ന്ന് ക്യുറേറ്റ് ചെയ്യുന്ന ഈ രാജ്യാന്തര പ്രദര്‍ശനത്തില്‍ 25ലധികം രാജ്യങ്ങളില്‍ നിന്നുള്ള 66 ആര്‍ട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ പന്ത്രണ്ടിന് ആരംഭിക്കുന്ന പ്രദര്‍ശനങ്ങള്‍ 110 ദിവസത്തിനു ശേഷം മാര്‍ച്ച് 31 ന് സമാപിക്കും.കൊച്ചി ബിനാലെയുടെ പ്രോഗ്രാംസ് ഡയറക്ടര്‍ മാരിയോ ഡിസൂസയുടെ നേതൃത്വത്തിലുള്ള പ്രദര്‍ശനങ്ങളും പരിപാടികളും കൊച്ചിയുടെ സവിശേഷ ഭൗമസാംസ്‌ക്കാരികപാരമ്പര്യത്തെ മുന്‍ നിറുത്തിയുള്ള വൈവിദ്ധ്യമാര്‍ന്ന ചര്‍ച്ചകള്‍ക്ക് വേദിയാകും. ഏകീകൃത സ്വഭാവത്തില്‍ നിന്ന് പുറത്ത് കടന്ന് ജീവനുള്ള ആവാസവ്യവസ്ഥയായി സമൂഹത്തില്‍ ഇഴുകിച്ചേരുന്ന രീതിയിലാണ് ആറാം ലക്കം വിഭാവനം ചെയ്തിരിക്കുന്നത്. സൗഹൃദ സമ്പദ് വ്യവസ്ഥയെ പ്രദര്‍ശനത്തിന്റെ നെടുംതൂണായി സ്ഥാപിക്കുന്നു. വിപണി അധിഷ്ഠിതമായ ചട്ടക്കൂടുകള്‍ക്ക് പുറത്തുള്ള കലാപരമായ ആവാസവ്യവസ്ഥയ്ക്കും കൂട്ടായ പഠനത്തിനുമാണ് ഈ പതിപ്പ് ഊന്നല്‍ നല്‍കുന്നത്. കാഴ്ചയുടെ ഘടകം, ഇടം, സമയം, വിഭവങ്ങള്‍ എന്നിവ പങ്കിടുകയും പരസ്പരം സംഭാഷണങ്ങളിലൂടെ വളരുകയും ചെയ്യുന്ന ഒന്നായി കൊച്ചി മുസിരിസ് ബിനാലെ ആറാം ലക്കം പരിണമിക്കും. പ്രകടനകല, ചിത്രരചന, ഫോട്ടോഗ്രഫി, ശില്‍പകല, പ്രതിഷ്ഠാപാനകല എന്നിവയിലെല്ലാം പ്രവര്‍ത്തിക്കുന്ന രാജ്യാന്തര പ്രശസ്തനായ കലാകാരനാണ് ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര. 2014 ല്‍ അദ്ദേഹം കൂടി ഉള്‍പ്പെട്ടാ സംഘമാണ് ഗോവയിലെ എച് എച് ആര്‍ട്ട് സ്‌പേസിന് രൂപം നല്‍കിയത്.

ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് നേഹ നായര്‍, രശ്മി സതീഷ്, ഷഹബാസ് അമന്‍ എന്നിവര്‍ നയിക്കുന്ന ശങ്ക െ്രെടബിന്റെ സംഗീതപരിപാടി അരങ്ങേറും. അന്നേദിവസം ഉച്ചയ്ക്ക് 12ന് ആസ്പിന്‍വാള്‍ ഹൗസില്‍ മാര്‍ഗി രഹിത കൃഷ്ണദാസിന്റെ തായമ്പകയോടെ ബിനാലെ പതാക ഉയര്‍ത്തും. മോണിക്ക ഡി മിറാന്‍ഡ, സറീന മുഹമ്മദ് എന്നിവരുടെ അവതരണങ്ങളും ഉദ്ഘാടന ദിവസത്തെ ആകര്‍ഷണങ്ങളാണ്. ഉദ്ഘാടന വാരത്തില്‍ വിവിധ വേദികളിലായി മെഹ്ഫില്‍ഇസമ, ദ എഫ്16സ്, നാഞ്ചിയമ്മ ആന്‍ഡ് ടീം എന്നിവരുടെ പരിപാടികള്‍ നടക്കും. യുവ കേരള ചവിട്ടുനാടക കലാസമിതി അവതരിപ്പിക്കുന്ന ചവിട്ടുനാടകവും മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും കരിന്തലക്കൂട്ടത്തിന്റെ വട്ടമുടിക്കോലം, തിര, കരിങ്കാളി കോലം തുടങ്ങിയവ ഉള്‍പ്പെട്ട നാടന്‍ കലാവിരുന്നും ഉണ്ടായിരിക്കും. ഇന്‍വിറ്റേഷന്‍സ്, സ്റ്റുഡന്റ്‌സ് ബിനാലെ, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍, ഇടം തുടങ്ങിയ വിഭാഗങ്ങള്‍ ഡിസംബര്‍ 13ന് ആരംഭിച്ച് 2026 മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കും. ഇത്തവണ വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ ഐലന്‍ഡ് വെയര്‍ഹൗസിലേക്കും ബിനാലെ വേദികള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. വാട്ടര്‍ മെട്രോ, ഫെറി, റോഡ് മാര്‍ഗങ്ങളില്‍ ഇവിടെ എത്തിച്ചേരാം. വേദികള്‍ വര്‍ധിച്ചതിനാല്‍ ബിനാലെ പൂര്‍ണ്ണമായി കണ്ടുതീര്‍ക്കാന്‍ സന്ദര്‍ശകര്‍ക്ക് കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) ചെയര്‍പേഴ്‌സണ്‍ ഡോ. വേണു വി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിച്ച്, മികച്ച സംഘാടനത്തോടെയാണ് ഇത്തവണ ബിനാലെ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക സമൂഹവും ചരിത്രവുമായി ആശയവിനിമയം നടത്തി പൊതുഇടങ്ങളിലേക്ക് കലയെയും ആശയങ്ങളെയും എത്തിക്കുന്ന ഐലന്റ് മ്യൂറല്‍ പ്രൊജക്ടിനും ഇക്കുറി കെബിഎഫ് ആതിഥേയത്വം വഹിക്കുന്നുണ്ട്. ഉദ്ഘാടന വാരത്തില്‍ നിരവധി പ്രകടനകലകള്‍, സംവാദം, പ്രഭാഷണങ്ങള്‍, സംഗീത നിശകള്‍ തുടങ്ങിയ പ്രധാന വേദികളിലും ബിനാലെ അനുബന്ധ വേദികളും നടക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു