‘ലെഗാമെ 24 ‘ ചരിത്രത്താളുകളിലേക്ക്

എറണാകുളം ലൂര്‍ദ്ദ് ആശുപത്രി വജ്രൂജൂബിലി ആഘോഷത്തിന് തുടക്കം

 

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ലൂര്‍ദ് ആശുപത്രിയുടെ വജ്രജൂബിലി ആഘോഷത്തിന് പ്രൗഢഗംഭീരമായ തുടക്കം. 60ാം വര്‍ഷത്തിലേക്കുള്ള പ്രവേശനം ‘ ലെഗാമെ 24 ‘ എന്ന പേരില്‍ ലൂര്‍ദ്ദ് സ്ഥാപനങ്ങളിലെ രണ്ടായിരത്തില്‍പ്പരം ജീവനക്കാര്‍ കേക്ക് പങ്കുവെച്ചും പാട്ടുപാടിയും നൃത്തം ചവിട്ടിയും പ്രതിഞ്ജയെടുത്തും ആശുപത്രി അങ്കണത്തില്‍ ഒന്നു ചേര്‍ന്ന് ആഘോഷിച്ചപ്പോള്‍ വേള്‍ഡ് ഓഫ് റെക്കോര്‍ഡ്സിന്റെ താളുകളിലേക്കുളള ചുവെടുവെയ്പ്പുകൂടിയായി അത് മാറി. വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ചരിത്രത്തില്‍ 152 രാജ്യങ്ങളില്‍ ഇത് ആദ്യമായാണ് ഒരു ആശുപത്രി ഇത്തരത്തില്‍ ആഘോഷം സംഘടിപ്പിച്ച് ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു.

ലെഗാമെ 24- വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ചിത്രീകരണം ചലച്ചിത്ര താരം നരേന്‍, സംവിധായകന്‍ ജിസ് ജോയ് എന്നിവര്‍ പരസ്പരം കേക്ക് പങ്കുവെച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലിസ് ജയകുമാര്‍, എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍ ഷെറീഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വേള്‍ഡ് ഓഫ് റെക്കോര്‍ഡ്സിന്റെ ചിത്രീകരണം. വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 60 സൗജന്യ മെഡിക്കല്‍ ക്യാംപുകളുടെ ഉദ്ഘാടനം ടി.ജെ വിനോദ് എം.എല്‍.എ യും 60 പ്രമുഖ ഡോക്ടര്‍മാരുടെ ആരോഗ്യസംബന്ധമായ ലേഖനങ്ങളടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം സംവിധായകന്‍ ജിസ് ജോയിയും ജീവനക്കാര്‍ക്കുള്ള പുതിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനുഷ വര്‍ഗ്ഗീസും സൗജന്യ രക്തപരിശോധന മെഡിക്കല്‍ സൂപ്രണ്ട് ഡോ. സന്തോഷ് ജോണ്‍ എബ്രാഹവും 60 വൃക്ഷത്തൈകളുടെ നടീല്‍ ഡോ. ബിനു ഉപേന്ദ്രന്‍, ഡോ.ജോണ്‍ ടി. ജോണ്‍, ഡോ. പ്രിയ മറിയം എന്നിവരും നിര്‍വ്വഹിച്ചു.

ലൂര്‍ദ് സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം സേവനം ചെയ്ത 60 ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു. വരാപ്പുഴ അതിരൂപത മോണ്‍സിഞ്ഞോര്‍ ഫാ. ജോസഫ് എട്ടുരിത്തില്‍, ആശുപത്രി ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് സെക്ക്വീര, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മിഥുന്‍ ജോസഫ്,മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പോള്‍ പുത്തൂരാന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

 

Spread the love