പുതിയ സംരംഭക ലൈസന്‍സ് ചട്ടം സംരംഭക മേഖലയിലെ കാതലായ മാറ്റം: മന്ത്രി എം ബി രാജേഷ്
കൊച്ചി: കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സംരംഭക മേഖലയില്‍ കാതലായ മാറ്റത്തിന് തുടക്കം കുറിച്ച് കേരള പഞ്ചായത്ത് രാജ് 2025 ( സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കല്‍ ) ചട്ടം നിലവില്‍ വന്നതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1996 ലെ കേരള പഞ്ചായത്ത് രാജ് ( ഫാക്ടറികള്‍ക്കും വ്യാപാരികള്‍ക്കും സംരംഭ പ്രവര്‍ത്തനങ്ങള്‍ക്കും , മറ്റു സേവനങ്ങള്‍ക്കും ലൈസന്‍സ് നല്‍കും ) ചട്ടങ്ങളില്‍ സമഗ്രമായ മാറ്റത്തോടെയാണ് പുതിയ ചട്ടം നിലവില്‍ വന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന നവ കേരള സദസ്സ്, തദ്ദേശ അദാലത്ത്, നിക്ഷേപക സംഗമം എന്നിവിടങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന പരാതികളും നിര്‍ദ്ദേശങ്ങളും ഈ മേഖലയില്‍ നിന്നുള്ള ഓഹരി ഉടമകളും ജനപ്രതിനിധികളും ഉള്‍പ്പെടെ ഉള്ളവരുമായി നടത്തിയ ചര്‍ച്ചയുടെയും അടിസ്ഥാനത്തിലാണ് ചട്ട ഭേദഗതി കൊണ്ടുവന്നത്. ഏപ്രില്‍ മാസത്തില്‍ കൊച്ചിയില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ ചട്ട ഭേദഗതിയെ കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ആറുമാസം കൊണ്ട് തന്നെ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. മുനിസിപ്പല്‍ ചട്ടങ്ങളിലും ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും. പൊതുജനങ്ങള്‍ക്ക് ഏറ്റവും ഗുണകരമാക്കുന്ന കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെയും സിവില്‍ രജിസ്‌ട്രേഷന്‍ ചട്ടങ്ങളിലെയും പരിഷ്‌കരണങ്ങള്‍ സംബന്ധിച്ച അടുത്ത ദിവസം തന്നെ ഉത്തരവുകള്‍ പുറത്തിറങ്ങുന്നതാണെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ ആക്ട് മുഖേന പഞ്ചായത്ത് രാജ്, മുന്‍സിപ്പല്‍ നിയമങ്ങളില്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ഏറെ ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍സിപ്പല്‍ പഞ്ചായത്ത് ചട്ടങ്ങളും ഭേദഗതി ചെയ്തു. ഈ സര്‍ക്കാരിന്റെ കാലത്തും സംരംഭക സൗഹൃദ നടപടികളുടെ ഭാഗമായി നടപടിക്രമങ്ങള്‍ ഏറെ ലളിതവും പ്രായോഗികവുമാക്കി മാറ്റി. 2024ല്‍ മാത്രം ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി 47 പരിഷ്‌കരണം നടപടികളാണ് തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിച്ചത്. ഇത്തരം നടപടിക്രമങ്ങള്‍ ഈസ് ഓഫ് ഡ്രോയിങ് ബിസിനസ് റാങ്കിങ്ങില്‍ പ്രധാന മാനദണ്ഡങ്ങളില്‍ ഒന്നായ നഗരസഭകളുടെയും കോര്‍പ്പറേഷനുകളുടെയും സേവന പ്രധാന ത്തിന്റെ ഗുണമേന്മയില്‍ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചു.വ്യവസായി സൗഹൃദ നിര്‍ദേശങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് കെ സ്മാര്‍ട്ടിനായി സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിന് ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിനായി ഡാഷ്‌ബോര്‍ഡ് സിറ്റിസണ്‍ പോര്‍ട്ടലുകളും അടക്കം പരിഷ്‌കരിച്ചു. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസില്‍ 60% വരെ കുറവ് വരുത്തുകയും ചെയ്തു. പഞ്ചായത്തുകള്‍ വിന്യസിപ്പിച്ച ഐ എല്‍ ജി എം എസ്, നഗരസഭകളില്‍ വിന്യസിച്ച കെ സ്മാര്‍ട്ട് ഈ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ തന്നെ ലഭിക്കുന്ന സാഹചര്യം ഒരുങ്ങി. കെ സ്മാര്‍ട്ട് വിന്യസിച്ചതോടെ ഇ ഗവണ്‍സ് മേഖലയില്‍ സൃഷ്ടിക്കപ്പെടുന്ന വന്‍ മുന്നേറ്റം വ്യവസായ സൗഹൃദ അന്തരീക്ഷത്തിലും പ്രതിഫലിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

