ഇന്‍വെസ്റ്റ് കേരളാ ഉച്ചകോടി: എത്തിയത് 36,000 കോടിയുടെ നിക്ഷേപം,50,000 തൊഴിലവസരം: മന്ത്രി പി. രാജീവ്

നിക്ഷേപ നിര്‍ദേശങ്ങള്‍ പദ്ധതികളാക്കി മാറ്റുന്നതില്‍ (Conversion Rate) കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെ മുന്നിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് 1415 ശതമാനമാണ്. എന്നാല്‍, കേരളത്തില്‍ നിക്ഷേപ നിര്‍ദേശങ്ങള്‍ യാഥാര്‍ഥ്യമാകുന്നതിന്റെ നിരക്ക് 24 ശതമാനമാണെന്നും മന്ത്രി പറഞ്ഞു
കൊച്ചി: കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവായി ഫെബ്രുവരിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരളാ ഗ്ലോബല്‍ ഉച്ചകോടി. ഉച്ചകോടിയെത്തുടര്‍ന്ന് സംസ്ഥാനത്തേക്ക് 100 പദ്ധതികളിലായി 36,000 കോടി രൂപയുടെ നിക്ഷേപം എത്തിയെന്ന് മന്ത്രി പി. രാജീവ്. ആലുവ ചുണങ്ങന്‍വേലിക്കടുത്ത്, ഇന്‍വെസ്റ്റ് കേരളാ ഉച്ചകോടിയിലൂടെ വന്ന നൂറാമത്തെ പദ്ധതിയായ എന്‍ഡിആര്‍ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയര്‍ഹൗസിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ശൃംഖലക്ക്  തറക്കല്ലിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ നിക്ഷേപങ്ങളിലൂടെ 50,000ഓളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിക്ഷേപ നിര്‍ദേശങ്ങള്‍ പദ്ധതികളാക്കി മാറ്റുന്നതില്‍ (Conversion Rate) കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെ മുന്നിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് 1415 ശതമാനമാണ്. എന്നാല്‍, കേരളത്തില്‍ നിക്ഷേപ നിര്‍ദേശങ്ങള്‍ യാഥാര്‍ഥ്യമാകുന്നതിന്റെ നിരക്ക് 24 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.250 കോടി രൂപ മുതല്‍ മുടക്കില്‍ എന്‍ഡിആര്‍ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിക്കുന്ന എ-ഗ്രേഡ് വെയര്‍ഹൗസിങ് ആന്‍ഡ് ലോജിസ്റ്റിക്‌സിന്റെ ശിലസ്ഥാപനമാണ് മന്ത്രി നടത്തിയത്.

16 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ എഫ്.എം.സി.ജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇകൊമേഴ്‌സ്, തേഡ് പാര്‍ട്ടി ലോജിസ്റ്റിക്‌സ്  മേഖലകള്‍ക്ക് അത്യാധുനിക സേവനം ലഭിക്കും. കൂടാതെ 300 പേര്‍ക്ക് ഇവിടെ നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിന്റെ ലോജിസ്റ്റിക്‌സ് വികസനത്തിനും നവീകരണത്തിനും ഈ പദ്ധതി വലിയ പിന്തുണ നല്‍കുമെന്ന് എന്‍ഡിആര്‍ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജ് ശ്രീനിവാസന്‍ പറഞ്ഞു.ഈ പദ്ധതി മേഖലയിലെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്കും വിതരണ ശൃംഖലയുടെ കാര്യക്ഷമതയ്ക്കും കാര്യമായ സംഭാവന നല്‍കും. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കാനുള്ള കേരളത്തിന്റെ കാഴ്ചപ്പാടിന് ഈ സംരംഭം കരുത്ത് പകരും. 2026 മാര്‍ച്ചോടെ പദ്ധതി കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും രാജ് ശ്രീനിവാസന്‍ വ്യക്തമാക്കി. സുസ്ഥിര രൂപകല്‍പ്പനയ്ക്ക് പ്രാധാന്യം നല്‍കി എഡ്ജ് സര്‍ട്ടിഫിക്കേഷന്‍ നേടുന്ന ഈ കേന്ദ്രത്തില്‍ കാര്യക്ഷമമായ സ്‌റ്റോക്ക് മാനേജ്‌മെന്റിനായി സെമിഓട്ടോമേറ്റഡ്, ഫുള്ളി ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ സജ്ജീകരിക്കും. ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്., പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വാര്‍ഡ് കൗണ്‍സിലര്‍ സാജു മത്തായി, എന്‍ഡിആര്‍ സ്‌പേസ് ബിസിനസ് ഹെഡ് ശ്രീനിവാസന്‍ എന്‍. ഏരിയ  മാനേജര്‍ കേരള, എന്‍ഡിആര്‍ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ്, തോമസ് ടി. പൊട്ടംകുളം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു