പീയൂഷ് പാണ്ഡെയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് പെപ്പര്‍ ട്രസ്റ്റ്

പരസ്യരംഗത്ത് ഇംഗ്ലീഷ് ആധിപത്യം ഉണ്ടായിരുന്ന കാലത്ത് സാധാരണക്കാരുടെ ഭാഷയില്‍ സംസാരിച്ച പാണ്ഡെ, തന്റെ എല്ലാ സൃഷ്ടികളിലും നൂറുശതമാനം ഇന്ത്യന്‍ സ്വഭാവം പകര്‍ന്നുവെന്നും യോഗം വിലയിരുത്തി. 2017ല്‍ പെപ്പര്‍ അവാര്‍ഡ്‌സ് ചടങ്ങിന് മുഖ്യാതിഥിയായി കൊച്ചിയിലെത്തിയപ്പോള്‍ ഇവിടുത്തെ പരസ്യരംഗത്തെ യുവതലമുറയ്ക്ക് അദ്ദേഹം പ്രചോദനമായിരുന്നു.
കൊച്ചി: ഇന്ത്യന്‍ പരസ്യലോകത്തെ അതുല്യ പ്രതിഭയും മറക്കാനാവാത്ത പരസ്യങ്ങളുടെ സൃഷ്ടാവുമായിരുന്ന പീയൂഷ് പാണ്ഡെയുടെ നിര്യാണത്തില്‍ പെപ്പര്‍ ട്രസ്റ്റ് അനുശോചന യോഗം ചേര്‍ന്നു. കാഡ്ബറി, ഫെവിക്കോള്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കായി അദ്ദേഹം ഒരുക്കിയ സമാനതകളില്ലാത്ത പരസ്യങ്ങളെക്കുറിച്ച് യോഗത്തില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. പരസ്യരംഗത്ത് ഇംഗ്ലീഷ് ആധിപത്യം ഉണ്ടായിരുന്ന കാലത്ത് സാധാരണക്കാരുടെ ഭാഷയില്‍ സംസാരിച്ച പാണ്ഡെ, തന്റെ എല്ലാ സൃഷ്ടികളിലും നൂറുശതമാനം ഇന്ത്യന്‍ സ്വഭാവം പകര്‍ന്നുവെന്നും യോഗം വിലയിരുത്തി. 2017ല്‍ പെപ്പര്‍ അവാര്‍ഡ്‌സ് ചടങ്ങിന് മുഖ്യാതിഥിയായി കൊച്ചിയിലെത്തിയപ്പോള്‍ ഇവിടുത്തെ പരസ്യരംഗത്തെ യുവതലമുറയ്ക്ക് അദ്ദേഹം പ്രചോദനമായിരുന്നു. പ്രശസ്തമായ ‘മിലേ സുര്‍ മേരാ തുമാരാ…’ എന്ന ഗാനം രചിച്ചത് പീയൂഷ് പാണ്ഡെയാണ്. അദ്ദേഹം എഴുതിയ 17 ഗാനങ്ങള്‍ തള്ളിക്കളഞ്ഞ ശേഷം സ്വീകരിച്ച പതിനെട്ടാമത്തെ രചനയായിരുന്നു ഇത്. ഐക്യത്തോടെ ഇന്ത്യ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഓര്‍മിപ്പിക്കുന്ന ശക്തമായ ഗാനമായി ഇത് മാറി. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് ശേഷമാണ് ഗാനം ആദ്യമായി പ്രക്ഷേപണം ചെയ്തത്. അതിനുശേഷം ഇത് ദേശീയ അഭിമാനത്തിന്റെ പ്രതീകമായി മാറി. പെപ്പര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വേണുഗോപാല്‍, ട്രസ്റ്റിമാരായ ഡോ. ടി. വിനയകുമാര്‍, പി.കെ. നടേശ്, യു.എസ്. കുട്ടി, വി. രാജീവ് മേനോന്‍, കൊച്ചിയിലെ പരസ്യ രംഗത്തെ പ്രമുഖരായ വിനോദിനി സുകുമാര്‍, ഡൊമിനിക് സാവിയോ, ക്രിസ്റ്റഫര്‍, അനില്‍ തുടങ്ങിയവര്‍ അനുശോചന യോഗത്തില്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു