റെയില്‍വണ്‍ ആപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും, പരിസ്ഥിതി സൗഹൃദ യാത്രാ രീതികള്‍ പരിചയപെടുത്തുന്നിനും യാത്രക്കാര്‍ക്കായി സ്‌റ്റേഷനില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തി.
കൊച്ചി: പരിസ്ഥിതി സൗഹൃദ യാത്രാ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അവതരിപ്പിച്ച റെയില്‍വണ്‍ മൊബൈല്‍ അപ്ലിക്കേഷന്റെ പ്രചരണാര്‍ഥം ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്റെ നേതൃത്വത്തില്‍ ഗോ ഗ്രീന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക, നടന്‍ ഷെയ്ന്‍ നിഗം, തിരുവനന്തപുരം ഡിവിഷന്‍ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ നിതിന്‍ നോര്‍ബര്‍ട്ട് , എറണാകുളം റെയില്‍വേ ഏരിയ മാനേജര്‍ എസ്.വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി റെയില്‍വണ്‍ ആപ്പ് ഫഌയര്‍ അനാച്ഛാദനം ചെയ്തു. റെയില്‍വേ ചൈല്‍ഡ്‌ലൈനും വിവിധ കോളജുകളില്‍ നിന്നുള്ള നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരും അവതരിപ്പിച്ച റെയില്‍വണ്‍ ആപ്പ് പ്രൊമോ ഫഌഷ് മോബും സ്‌കിറ്റും ശ്രദ്ധേയമായി. റെയില്‍വണ്‍ ആപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും, പരിസ്ഥിതി സൗഹൃദ യാത്രാ രീതികള്‍ പരിചയപെടുത്തുന്നിനും യാത്രക്കാര്‍ക്കായി സ്‌റ്റേഷനില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തി. യാത്രക്കാര്‍ക്കായി പ്രധാന സ്‌റ്റേഷനുകളില്‍ എല്ലാ തിങ്കളാഴ്ച്ചയും ഡിവിഷന്‍ റെയില്‍വണ്‍ ആപ്പ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ടിക്കറ്റ് ബുക്കിങിനും യാത്രക്കാരുടെ മറ്റ് സേവനങ്ങള്‍ക്കുമുള്ള റെയില്‍വേയുടെ പുതിയ ഏകീകൃത പ്ലാറ്റ്‌ഫോമാണ് റെയില്‍വണ്‍ ആപ്പ്. ജനറല്‍, റിസര്‍വേഷന്‍, പ്ലാറ്റ്‌ഫോം, സീസണ്‍ ടിക്കറ്റുകള്‍ എന്നിവ ഒരൊറ്റ ആപ്പില്‍ നിന്ന് ബുക്ക് ചെയ്യാം. ട്രെയിനുകളുടെ തത്സമയ ലൊക്കേഷന്‍, പ്ലാറ്റ്‌ഫോം വിവരങ്ങള്‍, കോച്ച് പൊസിഷന്‍ എന്നിവയും അറിയാന്‍ സാധിക്കും.

