ഭാവി പ്രതിരോധ വെല്ലുവിളികൾ നേരിടാൻ നവീകരണവും ആത്മനിർഭരതയും വേണം: സഞ്ജയ് സേഥ്

ന്യൂഡൽഹി : ഭാവിയിലെ യുദ്ധങ്ങളെ നേരിടാൻ പ്രതിരോധ മേഖലയിൽ നവീകരണം, ആത്മനിർഭരത, സിവിൽ-മിലിട്ടറി സഹകരണം എന്നിവ ഇന്ത്യ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി (രക്ഷാ രാജ്യ മന്ത്രി) സഞ്ജയ് സേഥ് പറഞ്ഞു. സെന്റർ ഫോർ ജോയിന്റ് വാർഫെയർ സ്റ്റഡീസ് (CENJOWS) ന്യൂഡൽഹി മനേക്ഷാ സെന്ററിൽ സംഘടിപ്പിച്ച രണ്ടാമത് വാർഷിക ‘ട്രൈഡന്റ് പ്രഭാഷണത്തിൽ’ (Trident Lecture) ‘രാഷ്ട്രനിർമ്മാണത്തിന് അടുത്ത തലമുറയുടെ ശേഷി പ്രയോജനപ്പെടുത്തൽ’ എന്ന വിഷയത്തിൽ പ്രത്യേക സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെയും നേതൃത്വത്തിൽ രാജ്യം സ്വാവലംബതയിലേക്ക് കുതിക്കുകയാണെന്നും, ‘മേയ്ക്ക് ഇൻ ഇന്ത്യ’ എന്നതിൽ നിന്ന് ലോകത്തിന് മുഴുവൻ വേണ്ടിയുള്ള ഉൽപ്പാദനം (‘മേയ്ക്ക് ഫോർ ദി വേൾഡ്’) എന്ന നിലയിലേക്ക് ഭാരതം വളർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവിയിലെ പ്രതിരോധ വെല്ലുവിളികൾ നേരിടാൻ സെമികണ്ടക്ടർ, ഇലക്ട്രോണിക്സ്, അഡ്വാൻസ്ഡ് ടെക്നോളജി എന്നീ മേഖലകളിൽ ദേശീയ ശേഷി വർദ്ധിപ്പിക്കേണ്ടതിന്റെയും ചെറുകിട-ഇടത്തരം വ്യവസായങ്ങളെ (MSME) പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. സാമ്പത്തിക ഭദ്രത, സാങ്കേതിക മത്സരം, സമുദ്ര സുരക്ഷ, വിവര കൈമാറ്റത്തിന്റെ സുതാര്യത എന്നിവയൊക്കെ ഇന്ന് ദേശീയ സുരക്ഷയുടെ പ്രധാന ഘടകങ്ങളാണെന്ന് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി (CISC) എയർ മാർഷൽ തേജീന്ദർ സിംഗ് ചടങ്ങിൽ വ്യക്തമാക്കി. വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ, ലെഫ്റ്റനന്റ് ജനറൽ രാജ് ശുക്ല (റിട്ട.) തുടങ്ങിയ പ്രമുഖർ ഭാവിയിലെ സുരക്ഷാ സജ്ജീകരണങ്ങളെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ ‘ആൻ എറ ഇൻ ഒലിവ് ഗ്രീൻ: ജനറൽ അനിൽ ചൗഹാൻ, ഡ്യൂട്ടി, ലീഡർഷിപ്പ് ആൻഡ് ലെഗസി’ എന്ന പുസ്തകത്തിന്റെ പ്രകാശനവും സഞ്ജയ് സേഥ് നിർവ്വഹിച്ചു

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു