സൗത്ത് ഇന്ത്യന്‍ ബാങ്കിന് 342 കോടി രൂപയുടെ റെക്കോഡ് അറ്റാദായം

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 305.36 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 483.45 കോടി രൂപയില്‍ നിന്ന് 528.84 കോടി രൂപയായും വര്‍ധിച്ചു.

 

കൊച്ചി: സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 11.96 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 341.87 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 305.36 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 483.45 കോടി രൂപയില്‍ നിന്ന് 528.84 കോടി രൂപയായും വര്‍ധിച്ചു. 9.39 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച.മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 4.74 ശതമാനത്തില്‍ നിന്നും 44 പോയിന്റുകള്‍ കുറച്ച് 4.30 ശതമാനമാനത്തിലെത്തിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 36 പോയിന്റുകള്‍ കുറച്ച് 1.61 ശതമാനത്തില്‍ നിന്നും 1.25 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു.

ആസ്തികളിന്മേലുള്ള വരുമാനം 1.07 ശതമാനത്തില്‍ നിന്നും 1.12 ശതമാനമായും വര്‍ധിച്ചു. അറ്റ പലിശ വരുമാനം 6.13 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 869.26 കോടി രൂപയിലെത്തി.എഴുതിത്തള്ളല്‍ ഉള്‍പ്പെടുത്തിയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 310 പോയിന്റുകള്‍ വര്‍ധിച്ച് 81.07 ശതമാനമായി. എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 465 പോയിന്റുകള്‍ വര്‍ധിച്ച് 71.73 ശതമാനവുമായി.റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 7.71 ശതമാനം വളര്‍ച്ചയോടെ 1,02,420 കോടി രൂപയിലെത്തി. പ്രവാസി (എന്‍.ആര്‍.ഐ) നിക്ഷേപം 6.49 ശതമാനം വര്‍ധിച്ച് 31,132 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവില്‍ 29,236 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 4.13 ശതമാനം വര്‍ധിച്ചു.

സേവിങ്‌സ് ബാങ്ക് നിക്ഷേപത്തില്‍ 3.37 ശതമാനവും കറന്റ് അക്കൌണ്ട് നിക്ഷേപത്തില്‍ 7.73 ശതമാനവുമാണ് വര്‍ധനവെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി. ആര്‍. ശേഷാദ്രി പറഞ്ഞു.വായ്പാ വിതരണത്തില്‍ 11.95 ശതമാനം വളര്‍ച്ച കൈവരിച്ചു. 77,686 കോടി രൂപയില്‍ നിന്നും 86,966 കോടി രൂപയിലെത്തി. കോര്‍പറേറ്റ് വായ്പകള്‍ 16.94 ശതമാനം വാര്‍ഷിക വര്‍ധനയോടെ 29,892 കോടി രൂപയില്‍ നിന്നും 34,956 കോടി രൂപയിലെത്തി. വലിയ കോര്‍പ്പറേറ്റ് വിഭാഗത്തില്‍ 99.6 ശതമാനവും ഉയര്‍ന്ന റേറ്റിങ് (എ അല്ലെങ്കില്‍ അതിനു മുകളില്‍) ഉള്ള അക്കൗണ്ടുകളാണ്. വ്യക്തിഗത വായ്പ 2,186 കോടി രൂപയില്‍ നിന്ന് 2,249 കോടി രൂപയായും സ്വര്‍ണ വായ്പകള്‍ 15,369 കോടി രൂപയില്‍ നിന്ന് 16,966 കോടി രൂപയായും വര്‍ധിച്ചു. 10.39 ശതമാനമാണ് സ്വര്‍ണ വായ്പകളുടെ വാര്‍ഷിക വളര്‍ച്ച. ഭവനവായ്പ 63.9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 8,195 കോടി രൂപയും വാഹന വായ്പ 24.71 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,938 കോടി രൂപയും നേടി.

 

 

Spread the love