കാര്‍ഷിക വ്യവസായത്തിലെ നവീകരണം, ഉള്‍ക്കൊള്ളല്‍, ആഗോള നേതൃത്വം എന്നീ വിഷയങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തും.
കൊച്ചി: ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം (എ.ഐ. എസ്.ഇ.എഫ്) സംഘടിപ്പിക്കുന്ന ഒന്‍പതാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐ.എസ്.സി. 2026) ഫെബ്രുവരി 23 മുതല്‍ 26 വരെ കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ലോകത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന ഉല്‍പാദക കയറ്റുമതി രാജ്യമായ ഇന്ത്യയുടെ പ്രധാന അന്താരാഷ്ട്ര വിപണികളിലെ തീരുവ വ്യവസ്ഥകള്‍, അവശിഷ്ടപരിധി മാനദണ്ഡങ്ങള്‍, വിതരണ ശൃംഖല, നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയിലുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സുഗന്ധവ്യഞ്ജന വ്യവസായം സ്വീകരിക്കേണ്ട പ്രായോഗിക നടപടികള്‍ രൂപപ്പെടുത്തുന്ന സമ്മേളനമാണിത്. ഫെബ്രുവരി 23ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം മുന്‍ ജി20 പ്രതിനിധിയും നീതി ആയോഗിന്റെ മുന്‍ മേധാവിയുമായ അമിതാഭ് കാന്ത് ഉദ്ഘാടനം ചെയ്യും. കാര്‍ഷിക വ്യവസായത്തിലെ നവീകരണം, ഉള്‍ക്കൊള്ളല്‍, ആഗോള നേതൃത്വം എന്നീ വിഷയങ്ങളില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. പ്രകൃതിദത്ത ഭക്ഷണ നിറങ്ങളുടെ ആഗോള ഉത്പാദകരായ ഒറ്റെറയുടെ മേധാവി മാര്‍ട്ടിന്‍ സോണ്‍ടാഗ് മുഖ്യാതിഥിയാകു. യൂറോപ്യന്‍ സ്‌പൈസ് അസോസിയേഷനുമായി ചടങ്ങില്‍ ധാരണാപത്രം ഒപ്പിടും.സമ്മേളനത്തിന്റെ രണ്ടാം ദിവസം ഇന്ത്യയുടെ ആഗോള വ്യാപാര നിലപാടുകളെ കുറിച്ച് ശശി തരൂര്‍ സംസാരിക്കും. പ്രാചീന സുഗന്ധവ്യഞ്ജന വ്യാപാര പാതകളെ ആധുനിക ആഗോള സ്‌പൈസസ് ഇടനാഴികളുമായി ബന്ധപ്പെടുത്തി ചരിത്രകാരന്‍ മനു എസ്. പിള്ള ചര്‍ച്ച നയിക്കും.കര്‍ണാടക കാര്‍ഷിക വിലനിര്‍ണ്ണയ കമ്മീഷന്‍ ചെയര്‍മാന്‍ അശോക് ദല്‍വായ് വിതരണ ശൃംഖലയുടെ ദീര്‍ഘകാലടിസ്ഥാനത്തിലുള്ള ശക്തീകരണത്തെക്കുറിച്ച് മുഖ്യപ്രഭാഷണത്തോടെ സമ്മേളനം സമാപിക്കും. പോയ വര്‍ഷം പുതുക്കിയ തീരുവ ഘടനകളും, പരസ്പര വ്യാപാര നടപടികളും, ചില രാജ്യങ്ങളിലെ താല്‍ക്കാലിക തീരുവ വര്‍ധനയും വില, മത്സരക്ഷമത എന്നിവയെ ബാധിക്കുകയും ഓര്‍ഡറുകള്‍ നീളുകയും ഉല്‍പ്പന്നങ്ങള്‍ സംഭരണാവസ്ഥയില്‍ തുടരുന്നതിനും കാരണമായിരുന്നുവെന്ന് എ.ഐ. എസ്.ഇ.എഫ് ചെയര്‍മാന്‍ ഇമ്മാനുവല്‍ നമ്പുശ്ശേരില്‍ പറഞ്ഞു. ആസിയാന്‍, പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ വിപണികളുമായി ബന്ധം ശക്തിപ്പെടുത്തി ഒരേ വിപണിയിലുള്ള ആശ്രിതാവസ്ഥ കുറയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് എ.ഐ. എസ്.ഇ.എഫ് ചെയര്‍മാനും ഐ എസ് സി ചെയറുമായ നിഷേഷ് ഷാ പറഞ്ഞു. ഡബ്ല്യുഎസ്ഒ ചെയര്‍മാന്‍ രാംകുമാര്‍ മേനോന്‍, എഐഎസ്ഇഎഫ് മുന്‍ ചെയര്‍മാനും ഐഎസ് സി മാര്‍ക്കറ്റിംഗ് ഹെഡുമായ ജീമോന് കോര എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

