ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ തുറക്കുന്ന പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പുകളെയും ബിസിനസുകളെയും സഹായിക്കാനും ടൈകോണ്‍ കേരള 2025 ലക്ഷ്യമിടുന്നുണ്ടെന്ന് ടൈകോണ്‍ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു.
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈകോണ്‍ കേരള 2025 നവംബര്‍ 21, 22 തീയതികളില്‍ കുമരകം ദി സൂരിയില്‍ നടക്കും.’സെലിബ്രേറ്റിംഗ് എന്റര്‍പ്രണര്‍ഷിപ്പ്’ എന്ന പ്രമേയത്തില്‍ രാജ്യത്തെ നിരവധി പ്രമുഖ വ്യവസായികള്‍, മാനേജ്മന്റ് വിദഗ്ധര്‍, നിക്ഷേപകര്‍, മെന്റര്‍മാര്‍, ഇന്നൊവേറ്റര്‍മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ ഒത്തുകൂടും. സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷനലുകള്‍, സാങ്കേതിക, മാനേജ്മന്റ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പുതിയ ബിസിനസ് ആശയങ്ങള്‍, അവസരങ്ങള്‍, നെറ്റ്‌വര്‍ക്കിങ്ങ് എന്നിവക്ക് സമ്മേളനം വേദിയൊരുക്കും. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ തുറക്കുന്ന പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പുകളെയും ബിസിനസുകളെയും സഹായിക്കാനും ടൈകോണ്‍ കേരള 2025 ലക്ഷ്യമിടുന്നുണ്ടെന്ന് ടൈകോണ്‍ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു. യുപിഐ, ഒഎന്‍ഡിസി പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ നമ്മുടെ ബിസിനസ്സ് രീതിയില്‍ വിപ്ലവമാവുകയാണ്. സംരംഭകര്‍ക്ക് ഇപ്പോള്‍ ലോകത്തെവിടെയും ഉപഭോക്താക്കളിലേക്കും നിക്ഷേപകരിലേക്കും എത്തിച്ചേരാനാകും. അദ്ദേഹം പറഞ്ഞു. നിര്‍മ്മിത ബുദ്ധി , കാലാവസ്ഥാ സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, നിര്‍മ്മാണം, മൊബിലിറ്റി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരെ ഈ വര്‍ഷത്തെ ടൈക്കോണ്‍ പ്രത്യേകം ലക്ഷ്യമിടുന്നുണ്ട്. ടൈ കേരള വൈസ് പ്രസിഡന്റും , ടൈകോണ്‍ കേരള 2025 ചെയര്‍മാനുമായ ഡോ. ജീമോന്‍ കോര പറഞ്ഞു. ശക്തമായ ടീമുകള്‍ ഉണ്ടാക്കുക , ഫണ്ടിംഗ് ആകര്‍ഷിക്കുക, പുതിയ വിപണികളില്‍ എത്തിച്ചേരാനുള്ള വഴികള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് സെഷനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ സമ്മേളനത്തില്‍, മുഖ്യപ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍,ഫയര്‍സൈഡ് ചാറ്റുകള്‍, റൗണ്ട് ടേബിള്‍ മീറ്റിങ്ങുകള്‍, നിക്ഷേപക സെഷനുകള്‍, മൈ സ്‌റ്റോറി, ക്യാപിറ്റല്‍ കഫേ, സ്റ്റാര്‍ട്ടപ്പ് പിച്ച് ഫെസ്റ്റ് ഇവന്റ് എന്നിവ ഉള്‍പ്പെടും. പിച്ച്‌ബേയാണ് സംരംഭക സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണം. വി.കെ. മാത്യൂസ് (ഐബിഎസ് ഗ്രൂപ്പ്സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനും), അജു ജേക്കബ് (മാനേജിംഗ് ഡയറക്ടര്‍, സിന്തൈറ്റ്), നവാസ് എം മീരാന്‍ (ചെയര്‍മാന്‍, സിഇഒ, ഗ്രൂപ്പ് മീരാന്‍), അജിത് മൂപ്പന്‍ (ചെയര്‍മാന്‍, എം എന്‍ ഹോള്‍ഡിംഗ്‌സ്), നസ്‌നീന്‍ ജഹാംഗീര്‍ (സിഇഒ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍,നെസ്റ്റ് ഡിജിറ്റല്‍) എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ജൂറിക്ക് മുന്നില്‍ പുതിയ സംരംഭകര്‍ക്ക് അവരുടെ നൂതന ബിസിനസ്സ് ആശയങ്ങള്‍ അവതരിപ്പിക്കാം.വിദഗ്ദ്ധരുടെ ഫീഡ്ബാക്ക് , നിക്ഷേപ സാധ്യതകള്‍, മെന്ററിംഗ് അവസരങ്ങള്‍ എന്നിവയ്ക്ക് ഈ സെഷന്‍ അവസരം നല്‍കും. ഇന്ത്യയിലെ മുന്‍നിര എഫ്എംസിജി ബ്രാന്‍ഡായ കവിന്‍ കെയറിന്റെ സ്ഥാപകനും ചെയര്‍മാനുമായ സി.കെ രംഗനാഥന്‍; മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സും സിനിമ താരവുമായ ഗുല്‍ പനാഗ്, ബ്ലോക്ക്‌ചെയിന്‍ സംരംഭ രംഗത്തെ ചാന്‍സ് റിവറിന്റെ സ്ഥാപകനും സിഇഒയുമായ നിതിന്‍ ഈപ്പന്‍, ഇന്ത്യയില്‍ ജീനോമിക്‌സ് രംഗത്തെ പ്രധാന പങ്ക് വഹിച്ച മെഡ്ജിനോമിന്റെ സ്ഥാപക ചെയര്‍മാനും, സൈജീനോം ലാബ്‌സിന്റെ സിഇഒയുമായ സാം സന്തോഷ് എന്നിവര്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകരാകും. റീസൈക്കിളിന്റെ സ്ഥാപകനും സിഇഒയുമായ അഭയ് ദേശ്പാണ്ഡെ; ഔട്ട്‌ലയര്‍ മാര്‍ക്കറ്റര്‍ അഡ്വൈസറുമായ പ്രവീണ്‍ ശേഖര്‍ മാജിക് ടൂര്‍സ് ഓഫ് ഇന്ത്യ സ്ഥാപക ദീപ കൃഷ്ണന്‍; അണ്‍ലിമിറ്റ്‌സിന്റെ സിഇഒയും സ്ഥാപകനുമായ സജിത് അന്‍സാര്‍, ടെസ്സറാക്റ്റ് കണ്‍സള്‍ട്ടിംഗ് സിഇഒ ശങ്കര്‍ കൃഷ്ണന്‍, ബന്ധന്‍ ബാങ്കിന്റെയും റെപ്രോ ഇന്ത്യയുടെയും ബോര്‍ഡ് അംഗം ദിവ്യ കൃഷ്ണന്‍, ബര്‍ഗര്‍ കിംഗ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് സിസിലി തോമസ് തുടങ്ങിയ പ്രമുഖര്‍ പ്രധാന സെഷനുകളില്‍ സംസാരിക്കും. പ്രതിനിധികളായി രജിസ്ര്‍ ചെയ്യാന്‍ https://events.tie.org/TiEconKerala2025 അല്ലെങ്കില്‍ https://kerala.tie.org , info@tiekerala.org / 70258 88872 എന്നിവ വഴി സാധ്യമാണ്.

