എംപവര്‍, എലിവേറ്റ്, എക്സല്‍ എന്ന പ്രമേയത്തിലായിരുന്നു ടൈ വിമന്‍ സീസണ് ലോഞ്ച് സംഘടിപ്പിച്ചത്.
കൊച്ചി: കേരളത്തില്‍ താഴെ തട്ടില്‍ നിന്നും ഉയര്‍ന്നുവന്ന വനിതാ സംരംഭകരായി ഒരാളെ പോലും എടുത്തുപറയാന്‍ ഇല്ലാത്ത അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സി ഇ ഒ അനൂപ് അംബിക പറഞ്ഞു. ടൈ വിമന്‍ കേരള സീസണ് 2025ലോഞ്ചില്സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപവര്‍, എലിവേറ്റ്, എക്സല്‍ എന്ന പ്രമേയത്തിലായിരുന്നു ടൈ വിമന്‍ സീസണ് ലോഞ്ച് സംഘടിപ്പിച്ചത്.കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത 6545 സ്റ്റാര്‍ട്ടപ്പുകള്‍ റജിസ്റ്റര്‍ ചെയ്തതില്‍ വനിതകള്‍ക്ക് 51 ശതമാനം പങ്കാളിത്തമുള്ള 283 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച രീതിയില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗം ബിസിനസാണെന്നിരിക്കെ വനിതകള്‍ ഇതിലേക്ക് കടന്നു ചെല്ലാത്തതിന് പിന്നില്‍ സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നിരവധി സാധ്യതകള്‍ മുമ്പിലുള്ള മേഖല നേടിയെടുക്കണമെങ്കിലും എന്തെങ്കിലും ചെയ്യാന്‍ തീരുമാനിക്കുകയും അതിനായി മുന്നിട്ടറങ്ങുകയും പരാജയപ്പെടുമെന്ന ഭയം മാറ്റിവെക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ തങ്ങളുടെ സ്ഥലമോ സ്വത്തോ വില്ക്കാന് തയ്യാറാകുന്നത് അവരുടെ വിവാഹത്തിന് വേണ്ടിയാണെന്നും ആണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഒരാള്‍ പോലും വിവാഹത്തിനായി ഇങ്ങനെ വില്‍പ്പന നടത്താറില്ലെന്നും ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ കെ മീര പറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് പഠിക്കാനോ ബിസിനസിലേക്ക് നിക്ഷേപിക്കാനോ ആണ് സ്വത്ത് വില്‍പ്പന നടത്താറുള്ളത്. പെണ്‍കുട്ടികള്‍ക്കും നിക്ഷേപത്തിനുള്ള മാര്‍ഗ്ഗങ്ങളാണ് കാണേണ്ടതെന്നും കെ മീര പറഞ്ഞു.പരാജയം ഭയക്കാതിരിക്കുകയും മുമ്പോട്ടു പോവുകയും ചെയ്താല്‍ വിജയം നേടാനാവുമെന്നും സബ് കലക്ടര്‍ തന്റെ അനുഭവം മുന്‍നിര്‍ത്തി വിശദമാക്കി. എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കി ജോലി ചെയ്യുന്നതിനിടയില്‍ സിവില്‍ സര്‍വീസിന് തയ്യാറെടുക്കാന്‍ തൊഴില്‍ രാജിവെച്ചപ്പോള്‍ പലരും നിരുത്സാഹപ്പെടുത്തിയെന്നും അമ്മയാണ് പൂര്‍ണ പിന്തുണ നല്‍കിയതെന്നും കെ മീര പറഞ്ഞു. ഐ എ എസ് തയ്യാറെടുപ്പില്‍ രണ്ടു തവണ പരാജയപ്പെട്ട തനിക്ക് മൂന്നാം തവണയാണ് വിജയിക്കാനായതെന്നും ആറാം റാങ്കോടെ വിജയം കൊയ്തെടുക്കാനായത് പരാജയപ്പെട്ടിട്ടും ശ്രമം തുടര്ന്നതുകൊണ്ടാണെന്നും അവര്‍ വിശദീകരിച്ചു.