‘സര്ജന് ശസ്ത്രക്രിയാസ്ഥലത്ത് നേരിട്ട് എത്താതെ തന്നെ, രോഗികള്‍ക്ക് ലോകോത്തര ശസ്ത്രക്രിയാ വൈദഗ്ദ്ധ്യം ലഭ്യമാക്കാന്‍ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നും സ്ഥലവും ദൂരവും ഇതിന് ഒരു തടസ്സമല്ലെന്നും ഈ ശസ്ത്രക്രിയിലുടെ തെളിയിക്കപ്പെട്ടുവെന്നും ഭാവിയില്‍ ഇതിന്റെ സാധ്യതകള്‍ വളരെ വലുതാണെന്നും ഡോ. ടി.എ.കിഷോര്‍ അഭിപ്രായപ്പെട്ടു.
കൊച്ചി : നേരിട്ടുള്ള ശാരീരിക സമ്പര്‍ക്കമില്ലാതെ, വിദൂര റോബോട്ടിക് കണക്ഷനിലൂടെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ സുരക്ഷിതമായി ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചുകൊണ്ട്, കേരളത്തിലെ ആദ്യത്തെ ടെലിറോബോട്ടിക് യൂറോളജി ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ആസ്റ്റര്‍ മെഡ്സിറ്റി. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന അത്യാധുനിക ശസ്ത്രക്രിയയായ ‘റോബോട്ട് അസിസ്റ്റഡ് റാഡിക്കല്‍ പ്രോസ്റ്റെറ്റെക്ടമി’ (ആര്‍എആര്‍പി) ആണ് രോഗിക്ക് വിധേയമാക്കിയത്.
കൊല്ലം സ്വദേശിയായ 70 വയസ്സുകാരനായ രോഗിയെ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ആസ്റ്റര്‍ മെഡ്സിറ്റിയിലെ യൂറോ ഓങ്കോളജി & ട്രാന്‍സ്പ്ലാന്റ് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ടി.എ.കിഷോര്‍ 1,500 കിലോമീറ്റര്‍ അകലെ ഗുജറാത്തിലെ വാപിയിലുള്ള മെറില്‍ അക്കാദമിയില്‍ ഇരുന്നാണ് രണ്ട് മണിക്കൂര്‍ നീണ്ട ഈ പ്രക്രിയ പൂര്‍ണ്ണമായും നിയന്ത്രിച്ചത്. ദീര്‍ഘദൂര ടെലിസര്‍ജറി രംഗത്തെ ഒരു നിര്‍ണ്ണായക ചുവടുവെപ്പാണ് ഈ നേട്ടം. സ്ഥലപരിമിതികള്‍ ഒട്ടും ബാധിക്കാതെ, ലോകത്തിന്റെ ഏത് കോണിലിരുന്നും അത്യാധുനിക ശസ്ത്രക്രിയകള്‍ നടത്താന്‍ സാധിക്കുമെന്ന വലിയൊരു സാധ്യതയ്ക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. ഇതിലൂടെ വിദഗ്ദ്ധ സര്ജന്മാര്ക്ക് തത്സമയ സഹായവും മെന്ററിംഗും അടിയന്തിര ഇടപെടലുകളും ആഗോളതലത്തില്‍ എവിടെയും നല്കാന് സാധിക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകാത്ത ഉള്‍നാടന്‍ പ്രദേശങ്ങള്‍, ദ്വീപുകള്‍, സൈനിക മേഖലകള്‍, ദുരന്തബാധിത പ്രദേശങ്ങള്‍ എന്നിവടങ്ങളിലേക്ക് മികച്ച ശസ്ത്രക്രിയാ പരിചരണം തടസ്സമില്ലാതെ എത്തിക്കാന്‍ ഈ സാങ്കേതിക മുന്നേറ്റത്തിന് സാധിക്കും.
‘സര്ജന് ശസ്ത്രക്രിയാസ്ഥലത്ത് നേരിട്ട് എത്താതെ തന്നെ, രോഗികള്‍ക്ക് ലോകോത്തര ശസ്ത്രക്രിയാ വൈദഗ്ദ്ധ്യം ലഭ്യമാക്കാന്‍ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നും സ്ഥലവും ദൂരവും ഇതിന് ഒരു തടസ്സമല്ലെന്നും ഈ ശസ്ത്രക്രിയിലുടെ തെളിയിക്കപ്പെട്ടുവെന്നും ഭാവിയില്‍ ഇതിന്റെ സാധ്യതകള്‍ വളരെ വലുതാണെന്നും ഡോ. ടി.എ.കിഷോര്‍ അഭിപ്രായപ്പെട്ടു.
‘മെറില്‍ മിസ്സോ റോബോട്ട്’ ഉപയോഗിച്ചാണ് ഈ ശസ്ത്രക്രിയ നടത്തിയത്. ഗുജറാത്തിലെ സര്ജന് കണ്‍സോളിലിരുന്ന് ഡോ. കിഷോര്‍ നല്കിയ ചലനങ്ങള്‍, സുരക്ഷിതവും അതിവേഗത്തിലുള്ളതുമായ നെറ്റ്വര്‍ക്ക് കണക്ഷന് വഴി തത്സമയം കേരളത്തിലെ രോഗിയെ ഓപ്പറേറ്റ് ചെയ്യുന്ന റോബോട്ടിക് കൈകളിലേക്ക് കൈമാറുകയായിരുന്നു. പൂര്‍ണ്ണമായ കൃത്യത ഉറപ്പാക്കുന്നതിനായി, ആഴ്ചകള്‍ നീണ്ട ആസൂത്രണവും സാങ്കേതിക സിമുലേഷനുകളും കണക്റ്റിവിറ്റി പരിശോധനകളും ടീമുകള്‍ നടത്തിയിരുന്നു. ഇതിലൂടെ തടസ്സമില്ലാത്ത ആശയവിനിമയവും കമാന്‍ഡുകളുടെ തത്സമയ കൈമാറ്റവും ഉറപ്പാക്കി.
ശസ്ത്രക്രിയയിലുടനീളം കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോളുകളോടെ രോഗിയുടെ സുരക്ഷയ്ക്കായിരുന്നു മുന്‍ഗണന. യോഗ്യതയും പരിചയസമ്പന്നതയുമുള്ള ഒരു റോബോട്ടിക് സര്‍ജിക്കല്‍ ആന്‍ഡ് അനസ്തേഷ്യ ടീം കൊച്ചിയില്‍ രോഗിയുടെ അരികില്‍ നേരിട്ട് ഉണ്ടായിരുന്നു. രോഗിയുടെ പൊസിഷനിംഗ്, പോര്‍ട്ട് പ്ലേസ്മെന്റ്, റോബോട്ടിക് സിസ്റ്റം ഡോക്കിംഗ്, ഉപകരണങ്ങള്‍ മാറ്റല്‍, നിരന്തര നിരീക്ഷണം തുടങ്ങിയ നിര്‍ണ്ണായക ചുമതലകള്‍ ഈ ബെഡ്സൈഡ് ടീമാണ് നിര്‍വ്വഹിച്ചത്. നെറ്റ്വര്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പോലും രോഗിയുടെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും വരാത്ത രീതിയില്‍, ശസ്ത്രക്രിയ ഉടനടി ഏറ്റെടുക്കാന്‍ ഈ ടീം പൂര്‍ണ്ണ സജ്ജരായിരുന്നു.
വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം, രോഗി വളരെ വേഗത്തില്‍ സുഖം പ്രാപിക്കുകയും മികച്ച ആരോഗ്യാവസ്ഥ പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍കൊണ്ട് തന്നെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

