കോറോ ഹെല്‍ത്ത് പിരിച്ചുവിടല്‍: ഓഫീസ് പൂട്ടല്‍ തീരുമാനം പുനഃപരിശോധിക്കണം

കൊച്ചി : കോറോ ഹെല്‍ത്തിന്റെ കേരളത്തിലെ ഓഫീസുകള്‍ പൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും, നിലവിലുള്ള ജീവനക്കാരെ നിലനിര്‍ത്തി ഇപ്പോഴുള്ള സ്ഥിതി തുടരണമെന്നും തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കേരളത്തിലെ ഓഫീസുകള്‍ പൂട്ടി എണ്ണൂറ്റിമുപ്പതോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ നിലവിലുള്ള ലേബര്‍ നിയമപ്രകാരം  വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍ക്ക്  60 ദിവസം മുന്‍പ് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കേണ്ടതുണ്ട്. കൂടാതെ ‘അവസാനം വന്നവര്‍ ആദ്യം പുറത്തേക്ക്’ എന്ന സീനിയോറിറ്റി മാനദണ്ഡവും പാലിക്കണം.  എന്നാല്‍ കോറോ ഹെല്‍ത്തിന്റെ കാര്യത്തില്‍ ഈ ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. പരമാവധി ജീവനക്കാരെ കേരളത്തിലെ ഓഫീസുകളില്‍ തന്നെ നിലനിര്‍ത്തി ബാക്കിയുള്ളവരെ രാജ്യത്തെ മറ്റ് ഓഫിസുകളിലേക്ക് മാറ്റാന്‍ കമ്പനി തയ്യാറാകണം. കമ്പനിയുടെ പുതിയ പ്രോജക്ടുകള്‍ സംസ്ഥാനത്തിലേക്ക് കൊണ്ടുവരണം. കേരളത്തില്‍ പ്രവര്‍ത്തനം തുടരാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കില്‍ കര്‍ശന നിയമനടപടികളിലേക്ക് നീങ്ങാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജൂലൈ 20ന് കമ്പനി അധികൃതരുമായി വീണ്ടും യോഗം ചേരും. യോഗത്തില്‍ കമ്പനി പ്രതിനിധികള്‍  നേരിട്ട് പങ്കെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടന്ന യോഗത്തില്‍ ഹൈബി ഈഡന്‍ എം.പി, ഉമ തോമസ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദ്ദീന്‍, കോറോ ഹെല്‍ത്ത് ജീവനക്കാരുടെ പ്രതിനിധികള്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, കോറോ ഹെല്‍ത്ത് മാനേജ്‌മെന്റ് പ്രതിനിധികള്‍( ഓണ്‍ലൈനില്‍) എന്നിവര്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു